ബെയ്ജിങ്- പ്രൈമറി സ്‌കൂളുകള്‍ തൊട്ട് യൂണിവേഴ്‌സിറ്റികള്‍ വരെ ചൈനയില്‍ ഇനി 'ഷീ ജിന്‍പിങ് ചിന്ത' ഒരു പാഠ്യ വിഷയമാകും. രാജ്യത്തെ യുവജനങ്ങളില്‍ മാര്‍ക്‌സിസ്റ്റ് വിശ്വാസം ഊട്ടിയുറപ്പിക്കാനും അവര്‍ക്കിടയില്‍ പാര്‍ട്ടി അച്ചടക്കവും അനുസരണയും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പ്രസിഡന്റ് ജിന്‍പിങിന്റെ ചിന്താധാരയെ ഒരു പാഠ്യവിഷയമാക്കി മാറ്റിയിരിക്കുന്നത്. സ്‌കൂള്‍ തലം തൊട്ട് എല്ലാ വിദ്യാര്‍ത്ഥികളും ഇനി പ്രസിഡന്റിന്റെ ചിന്തകള്‍ കൂടി പഠിക്കണം. പുതിയ യുഗത്തിലെ ചൈനീസ് സ്വഭാവങ്ങളോടെയുള്ള സോഷ്യലിസത്തെ കുറിച്ചുള്ള ഷീ ജിന്‍പിങിന്റെ ചിന്താധാര എന്നാണ് ഔദ്യോഗികമായി ഈ പഠ്യപദ്ധതിയെ വിളിക്കുന്നത്. ചൈനയില്‍ മാവോ സെതോങിനു ശേഷം ഏറ്റവും ശക്തനായ നേതാവായി മാറിക്കൊണ്ടിരിക്കുകയാണ് നിലവിലെ പ്രസിഡന്റ് ഷീ ജിന്‍പിങ്.
2017ലെ പാര്‍ട്ടി സമ്മേളനത്തിലാണ് ആദ്യമായി ഷി ജിന്‍പിങിന്റെ ചിന്താധാരയെ ഒരു പാഠ്യവിഷയമാക്കി ആദ്യമായി പരാമര്‍ശിക്കുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ ചൈനയുടെ ഭരണഘടനയുടെ ഭാഗമായും ഇതു മാറി. ജീവിതത്തിന്റെ എല്ലാ തുറകളിലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് കൂടുതല്‍ വിപുലപ്പെടുത്താനുള്ള ഷീ ജിന്‍പിങിന്റെ പുതിയ ശ്രമമാണ് ഈ നീക്കങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. സോഷ്യലിസത്തെ മുന്നോട്ടു നയിക്കാന്‍ കരുത്തുള്ള തലമുറയെ വാര്‍ത്തെടുക്കുകയാണ് ഈ പാഠ്യപദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു.