ഇടുക്കി-ശാന്തമ്പാറ ചൂണ്ടലില്‍ വാടകവീട്ടില്‍ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിലായി. അണക്കര എട്ടാംമൈല്‍ സ്വദേശി പ്രകാശി(42) നെയാണ് ശാന്തമ്പാറ പോലീസ് തമിഴ്നാട് ഗൂഡല്ലൂരില്‍നിന്ന് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച രാവിലെയാണ് അണക്കര എട്ടാംമൈല്‍ സ്വദേശിയായ മണി (40) യുടെ മൃതദേഹം ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ കണ്ടെത്തിയത്. ചൂണ്ടലിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലിചെയ്തിരുന്ന ഇരുവരും മൂന്നുമാസമായി അവിടെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി മദ്യപിച്ചശേഷം ഇരുവരും തമ്മില്‍ പണിക്കൂലി വീതംവച്ചതിനെചൊല്ലി തര്‍ക്കമുണ്ടായി.
തുടര്‍ന്നുണ്ടായ അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. വിറകുകമ്പ് കൊണ്ടുള്ള അടിയേറ്റ് മണിയുടെ തലക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതിയെ തന്ത്രപൂര്‍വമാണ് പോലീസ് കുടുക്കിയത്. ഫോണ്‍ ഉപയോഗിക്കാത്ത പ്രതി പോകാന്‍ സാധ്യതയുള്ള തമിഴ്നാട്ടിലെ ബന്ധുവീടുകളെകുറിച്ച് പോലീസ് ആദ്യംതന്നെ വിവരം ശേഖരിച്ചു. തുടര്‍ന്ന് ഈ സ്ഥലങ്ങള്‍ പ്രത്യേക സ്ക്വാഡ് നിരീക്ഷിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ഗൂഡല്ലൂരിലെ ബന്ധുവീടിനു സമീപത്തുനിന്നും പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.






