മഞ്ചേരി-പതിനേഴുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന് മഞ്ചേരി പോക്സോ അതിവേഗ കോടതി വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തം തടവിനും മൂന്നു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. നിലമ്പൂര്‍ കുറുമ്പലങ്ങോട് സ്വദേശിയായ മദ്രസ അധ്യാപകനെയാണ് ശിക്ഷിച്ചത്. 15കാരിയായ മകളെ പീഡിപ്പിച്ചതിനു ഇക്കഴിഞ്ഞ 13ന് ഇതേ കോടതി പ്രതിയെ നാലു ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2014 നും 2016 നും ഇടയില്‍ വിവിധ ദിവസങ്ങളിലായാണ് പീഡനം. എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയോട് വഴക്കിട്ട് പെണ്‍മക്കളുടെ മുറിയില്‍ കിടന്നുറങ്ങിയാണ് പീഡനം ആരംഭിച്ചത്. വിവാഹിതയടക്കം എട്ടു മക്കളുടെ പിതാവാണ് പ്രതി. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മാതാവിനോട് വിവരം പറഞ്ഞതോടെ ബന്ധുക്കള്‍ വിഷയത്തില്‍ ഇടപെടുകയും പ്രതിയുടെ ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. 2016 മാര്‍ച്ച് 12ന് പോത്തുകല്‍ പോലീസ് വീട്ടിലെത്തി കുട്ടികളുടെ മൊഴിയെടുക്കുകയായിരുന്നു. മാര്‍ച്ച് 13ന് പ്രതിയെ നിലമ്പൂര്‍ സിഐ അറസ്റ്റ് ചെയ്തു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മക്കളെ ബലാത്സംഗം ചെയ്തത് ചോദ്യം ചെയ്ത ഭാര്യയെ പ്രതി മര്‍ദിച്ചു പരിക്കേല്‍പ്പിച്ചതിനു മറ്റൊരു കേസ് നിലമ്പൂര്‍ കോടതിയില്‍ നിലവിലുണ്ട്.
കുട്ടിയെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടയാള്‍ തന്നെ മകളെ നിര്‍ദാക്ഷണ്യം പീഡിപ്പിച്ചതിനാല്‍ പിതാവ് കോടതിയുടെ ദയയും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി പി.ടി പ്രകാശന്‍ നിരീക്ഷിച്ചു. ഇത്തരം കടുത്ത കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത ശിക്ഷ തന്നെ വേണമെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി.
ഇന്ത്യന്‍ ശിക്ഷാ നിയമം 376 (5 എല്‍), 376 (5 എന്‍) എന്നീ ഒരോ വകുപ്പുകളിലും ജീവപര്യന്തം തടവ്, ഒരു ലക്ഷം രൂപ വീതം പിഴയാണ് ശിക്ഷ. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നു വര്‍ഷത്തെ കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, കുട്ടിയെ ഭീഷണിപ്പെടുത്തിയതിനു രണ്ടു വര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം രണ്ടു വര്‍ഷം വീതം തടവ് അനുഭവിക്കണം. പിഴയടക്കുകയാണെങ്കില്‍ രണ്ടു ലക്ഷം രൂപ പീഡനത്തിനിരയായ പെണ്‍കുട്ടി നല്‍കാനും കോടതി നിര്‍ദേശിച്ചു. എടക്കര പോലീസ് ഇന്‍സ്പെക്ടര്‍മാരായ ടി. സജീവന്‍, കെ.സി സേതു, പോത്തുകല്ല് എസ്.ഐ കെ.ടി ദിജേഷ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 17 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന്‍ 12 രേഖകളും ഹാജരാക്കി.