ജിദ്ദ - കൊലക്കേസ് പ്രതിയായ യെമനിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ അഹ്മദ് ബിൻ സഈദ് ബിൻ മുഹമ്മദ് അൽആമൂദിയെ കഴുത്തിൽ കയർ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പണം കവരുകയും കൈക്കലാക്കിയ പണത്തിൽ ഒരു ഭാഗം നിയമ വിരുദ്ധ മാർഗത്തിൽ വിദേശത്തേക്ക് അയക്കുകയും ചെയ്ത മുഹമ്മദ് സാലിം അഹ്മദ് അൽശറാരിക്ക് ജിദ്ദയിലാണ് വധശിക്ഷ നടപ്പാക്കിയത്. മണി എക്‌സ്‌ചേഞ്ച് മേഖലയിൽ പ്രവർത്തിച്ചിരുന്ന വ്യവസായ പ്രമുഖനായ അഹ്മദ് അൽആമൂദി(57)യെ 2017 ലാണ് ഉത്തര ജിദ്ദയിലെ അൽറൗദ ഡിസ്ട്രിക്ടിലെ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുള്ള മൃതദേഹം പ്ലാസ്റ്റിക് കീസിനകത്താണ് കണ്ടെത്തിയത്. കൂടിക്കാഴ്ചക്ക് മുൻകൂട്ടി സമയം തേടിയത് അനുസരിച്ച് വ്യവസായ പ്രമുഖന്റെ വീട്ടിലെത്തിയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് അന്വേഷണങ്ങളിൽ തെളിഞ്ഞിരുന്നു.
കൃത്യത്തിനു ശേഷം വ്യവസായിയുടെ വീട്ടിലുണ്ടായിരുന്ന ഭീമമായ തുക കവർന്ന് പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. വിവിധ രാജ്യങ്ങളുടെ കറൻസികളായി ആകെ ഒന്നര കോടി റിയാലാണ് പ്രതി വ്യവസായിയുടെ വീട്ടിൽ നിന്ന് കവർന്നത്. പ്രതിയും വ്യവസായിയും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. തേൻ വ്യാപാരിയായ യെമനി സൗദി വ്യവസായി വീട്ടിൽ വൻതുക സൂക്ഷിച്ചത് അറിഞ്ഞാണ് കൊലപാതകം ആസൂത്രണം ചെയ്ത് മുൻകൂട്ടി സമയം നേടി വീട്ടിലെത്തി കൊലപാതകവും കവർച്ചയും നടത്തിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
വ്യവസായിയെ കാണാതായെന്ന് സഹോദരൻ ജിദ്ദ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടികത്ത് പ്ലാസ്റ്റിക് കീസിനകത്ത് കെട്ടിവെച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മുൻകൂട്ടി ധാരണയിലെത്തിയതു പ്രകാരം വെള്ളിയാഴ്ച രാവിലെ ആറു മണിക്ക് വ്യവസായിയുടെ വീട്ടിലെത്തിയ പ്രതി കൊലപാതകം നടത്തി ഒമ്പതു മണിയോടെ പണം സൂക്ഷിച്ച ബാഗുമായി വീട്ടിൽ നിന്ന് പുറത്തുപോവുകയായിരുന്നു. വ്യവസായിയെ കയർ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച ശേഷം മൃതദേഹം പ്ലാസ്റ്റിക് കീസിനകത്ത് കെട്ടി വീട്ടിനകത്തു തന്നെ പ്രതി ഉപേക്ഷിക്കുകയായിരുന്നു.
കൊലപാതകത്തിനു ശേഷം കൈക്കലാക്കിയ ഭീമമായ തുക സൂക്ഷിച്ച ബാഗ് ദക്ഷിണ ജിദ്ദയിലെ അൽജാമിഅ ഡിസ്ട്രിക്ടിലെ തന്റെ ബന്ധുവിനെ പ്രതി ഏൽപിച്ചിരുന്നു. താൻ അധിക സമയവും താമസസ്ഥലത്തിന് പുറത്താകുന്നതിനാൽ പ്രധാനപ്പെട്ട വസ്തുക്കൾ സൂക്ഷിച്ച ബാഗ് മോഷണം പോയേക്കുമെന്ന് ഭയന്നാണ് ബാഗ് സൂക്ഷിക്കാൻ ഏൽപിക്കുന്നതെന്നാണ് പ്രതി ബന്ധുവിനോട് പറഞ്ഞിരുന്നത്. ബാഗിനകത്ത് പണം സൂക്ഷിച്ച കാര്യം പ്രതി ബന്ധുവിനോട് വെളിപ്പെടുത്തിയിരുന്നില്ല. സംഘടിത സംഘമാണ് വ്യവസായിയെ കൊലപ്പെടുത്തിയതെന്നും വ്യവസായിയുടെ വീട്ടിൽ നടന്നത് സായുധ കൊള്ളയാണെന്നുമുള്ള നിലക്ക് തുടക്കത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ മറ്റു പങ്കാളികളൊന്നുമില്ലാതെ പ്രതി ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്ന് മക്ക പ്രവിശ്യ പോലീസ് മേധാവിയായ മേജർ ജനറൽ സഈദ് അൽഖർനി അന്ന് അറിയിച്ചിരുന്നു.






