സൗദിയിലേക്ക് യാത്രാവിലക്ക് തീരുന്നു, പ്രവാസികൾ യാത്രയുടെ ഒരുക്കത്തിൽ

ജിദ്ദ - സൗദിയിൽനിന്ന് രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് തിരിച്ചുവരാമെന്ന സൗദി ഭരണകൂടത്തിന്റെ പ്രഖ്യാപനം ഇന്ത്യയിലും സൗദിയിലുമുള്ള നിരവധി പ്രവാസികൾക്ക് ആശ്വാസമേകും. നിലവിൽ സൗദിയിൽനിന്ന് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച് ഇന്ത്യയിലേക്ക് പോയവർ വളരെ ചുരുക്കമാണെങ്കിലും സൗദിയിലേക്ക് ഇന്ത്യയിൽനിന്ന് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ നിരവധി പേർ യാത്ര മാറ്റിവെച്ചിരുന്നു. സൗദിയിൽനിന്ന് രണ്ടു ഡോസ് വാക്‌സിൻ എടുത്തവർ അടുത്ത ദിവസങ്ങളിൽതന്നെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുളള പദ്ധതി ആസൂത്രണം ചെയ്യുകയാണ്. ഇതിന് പുറമെ, നിലവിൽ സൗദിയിലുള്ളവർക്കെല്ലാം ഇന്ത്യയിലേക്ക് നേരിട്ടും തിരിച്ചും യാത്ര ചെയ്യുന്നതിന് തടസമുണ്ടാകില്ല. സൗദിയിൽനിന്ന് ഒരു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം ഇന്ത്യയിലേക്ക് പോയവരുടെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്. ഇതു സംബന്ധിച്ച് സമ്പൂർണ്ണ വിശദാംശങ്ങൾ വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. 
ഇന്ത്യ അടക്കം കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ പ്രവേശന വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള, രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് സൗദിയിൽ നേരിട്ട് പ്രവേശിക്കാൻ ഇന്നലെയാണ് ഔദ്യോഗിക അനുമതിയായത്. സൗദി അറേബ്യ വിടുന്നതിനു മുമ്പ് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് തിരിച്ചുവരാൻ അനുമതിയുള്ളത്. നേരിട്ട് സൗദിയിൽ പ്രവേശിക്കുന്നവർക്ക് മുഴുവൻ മുൻകരുതൽ നടപടികളും ബാധകമായിരിക്കും. സൗദിയിൽനിന്ന് വാക്‌സിൻ സ്വീകരിച്ചവർക്ക് തിരിച്ചുവരാമെന്ന കാര്യം ഇന്ത്യൻ എംബസിയും ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സൗദി അറേബ്യ വിടുന്നതിനു മുമ്പായി രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവരല്ലാത്തതിനാൽ, നിലവിൽ വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഇപ്പോൾ പ്രഖ്യാപിച്ച ഇളവ് പ്രയോജനപ്പെടുത്താനാകില്ല. എന്നാൽ ഇനി മുതൽ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച് ഇന്ത്യ അടക്കം പ്രവേശന വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് സ്വന്തം രാജ്യങ്ങളിൽനിന്ന് നേരിട്ട് സൗദിയിൽ പ്രവേശിക്കാനാകും. ഏറെ പണവും സമയവും ചെലവഴിച്ചും മൂന്നാമതൊരു രാജ്യത്തു കൂടി യാത്ര ചെയ്ത് അവിടെ പതിനാലു ദിവസം ചെലവഴിക്കുകയും ചെയ്തശേഷം സൗദിയിൽ തിരികെ പ്രവേശിക്കേണ്ടിവരുന്ന സാഹചര്യമാണ് ഇല്ലാതാകുന്നത്. സൗദി പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. 
സൗദിയിൽനിന്ന് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം പ്രവേശന വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് പോയവർക്ക് സൗദിയിലേക്ക് നേരിട്ട് മടങ്ങാൻ അനുമതി നൽകാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകൾ അംഗീകരിച്ച മുഴുവൻ മുൻകരുതൽ നടപടികളും ഇവർക്ക് ബാധകമായിരിക്കും. സൗദി പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും ഇവരുടെ കുടുംബാംഗങ്ങളും അല്ലാത്തവർ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് സൗദിയിൽ നേരിട്ട് പ്രവേശിക്കുന്നതാണ് നേരത്തെ ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നത്. സൗദിയിൽ പ്രവേശിക്കുന്നതിനു മുമ്പുള്ള പതിനാലു ദിവസത്തിനിടെ ഈ രാജ്യങ്ങളിലൂടെ കടന്നുപോയ മറ്റു രാജ്യക്കാർക്കും പ്രവേശന വിലക്ക് ബാധകമാക്കിയിരുന്നു. സൗദിയിലെ ആരോഗ്യ വകുപ്പുകൾ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് സൗദിയിൽ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം പ്രവേശന വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് പോയവർക്ക് സൗദിയിലേക്ക് നേരിട്ട് മടങ്ങാൻ അനുമതി നൽകാൻ തീരുമാനിച്ചതെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 
ഇന്ത്യ, അർജന്റീന, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബ്രസീൽ, തുർക്കി, ദക്ഷിണാഫ്രിക്ക, ലെബനോൻ, ഈജിപ്ത്, എത്യോപ്യ, യു.എ.ഇ, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് സൗദിയിൽ നേരിട്ട് പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നത്.
 

 

Latest News