മുസഫര്‍നഗര്‍ മുസ്‌ലിം വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 77 കേസുകള്‍ യുപി സര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂദല്‍ഹി- 42 മുസ്‌ലിംകള്‍ അടക്കം 62 പേര്‍ കൊല്ലപ്പെടുകയും അരലക്ഷത്തോളം മുസ് ലിംകള്‍ ആട്ടിയോടിക്കപ്പെടുകയും ചെയ്ത 2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട 77 കേസുകള്‍ യുപി സര്‍ക്കാര്‍ കാരണമൊന്നും വ്യക്തമാക്കാതെ പിന്‍വലിച്ചു. ബിജെപി എംഎല്‍എമാരും എംപിമാരും ഉള്‍പ്പെട്ട കേസുകളാണിവ. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കേസുകളായിരുന്നു ഇവയെന്നും ഈ കേസുകള്‍ ഹൈക്കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അമിക്കസ് ക്യൂറി വിജയ് ഹന്‍സാരി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസ് നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറി ആയി സുപ്രീം കോടതി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ഹന്‍സാരിയ ഇതു സംബന്ധിച്ച റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. യുപിയെ കൂടാതെ മറ്റു സംസ്ഥാനങ്ങളും നിരവധി കേസുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.

മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് 510 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ 6,869 പ്രതികളുണ്ടായിരുന്നു. ഇവയില്‍ 175 കേസുകളില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 165 കേസുകളില്‍ അന്തിമ റിപോര്‍ട്ടും സമര്‍പ്പിച്ചു. 170 കേസുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബിജെപി എംഎല്‍എമാരായ സംഗീത് സോം, സുരേഷ് റാണ, കപില്‍ ദേവ്, തീവ്രഹിന്ദുത്വ നേതാവ് സാധ്വി പ്രാചി എന്നിവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച യുപി സര്‍ക്കാര്‍ നടപടി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിവാദമായിരുന്നു. 

കര്‍ണാടക സര്‍ക്കാര്‍ 62 കേസുകളും കേരളം 36 കേസുകളും തമിഴ്‌നാട് നാലു കേസുകളും തെലങ്കാന 14 കേസുകളും ഇതുപോലെ പിന്‍വലിച്ചതായും അമിക്കസ് ക്യൂറിയുടെ റിപോര്‍ട്ടില്‍ പറയുന്നു.

Latest News