പറവൂര്‍- ചേന്ദമംഗലത്തെ ഒരു റിസോര്‍ട്ടില്‍ താമസിച്ചിരുന്ന യുവാവ് റിസോര്‍ട്ടിനു പുറത്തെ റോഡരികില്‍ വീണു മരിച്ചു. കൂടെ ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരായ ഇരട്ടക്കുട്ടികള്‍ അച്ഛന്‍ മരിച്ചതറിയാതാ രാത്രി മൂന്ന് മണിക്കൂറോളം കരഞ്ഞ് മൃതദേഹത്തിനൊപ്പം കഴിച്ചു കൂട്ടി. പുലര്‍ച്ചെ പത്രവിതരണക്കാരനാണ് ഇവരെ ആദ്യം കണ്ടത്. കലൂര്‍ സ്വദേശി ജിതിന്‍ (29) ആണ് മരിച്ചത്. മക്കളായ എയ്ഡനും ആമ്പര്‍ലിക്കുമൊപ്പം ആറ് ദിവസം മുമ്പാണ് ജിതിന്‍ റിസോര്‍ട്ടിലെത്തിയത്. ജിതിന്റെ ഭാര്യ റഷ്യക്കാരിയായ ക്രിസ്റ്റീന ജോലി സംബന്ധമായി ബെംഗളുരുവിലാണ്.
ഹൃദാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ജിതിന്‍ മക്കളേയും കൂട്ടി റിസോര്‍ട്ടിലെ മുറിക്കു പുറത്തു വരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ശാരീരികാസ്വസ്ഥ്യം കാരണം പുറത്തിറങ്ങിയതാകാം എന്ന് കരുതപ്പെടുന്നു. പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളെജിലേക്കു മാറ്റി. ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കലൂര്‍ സ്വദേശിയായ ജിതിന്‍ കാക്കനാട് വാടക വീട്ടിലാണ് താമസം. ഇവിടെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയതായിരുന്നു. ജിതിന്‍ കുടുംബ സമേതം ഈ റിസോര്‍ട്ടില്‍ താസമിക്കാനെത്താറുണ്ടായിരുന്നു. ജിതിന്റെ പിതാവ് ജോര്‍ജ് വിദേശത്താണ്. മാതാവ് ലിസിമോള്‍ ഇടപ്പള്ളി നോര്‍ത്ത് വില്ലേജ് ഓഫീസറാണ്.