എംപി പീഡിപ്പിപ്പിച്ചെന്ന് ആരോപിച്ച് സുപ്രീം കോടതിക്കു മുമ്പില്‍ തീകൊളുത്തിയ യുവതിയും മരിച്ചു

ന്യൂദല്‍ഹി- പീഡനക്കേസില്‍ അറസ്റ്റിലായ ബിഎസ്പി എംപി അതുര്‍ റായിയുടെ ബന്ധുക്കളും പോലീസും ചേര്‍ന്ന് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ദിവസങ്ങള്‍ക്കു മുമ്പ് സുപ്രീം കോടതിക്കു സമീപം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ മരിച്ചു. 24കാരിയായ യുവതിക്കൊപ്പം തീകൊളുത്തിയ സുഹൃത്തായ യുവാവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. യുവതി 85 ശതമാനം പൊള്ളലേറ്റ് ഗരുതുരാവസ്ഥയില്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

2019ല്‍ യുവതി നല്‍കിയ പീഡന പരാതിയില്‍ എംപി അതുല്‍ റായ് അറസ്റ്റിലായിരുന്നു. വരാണസിയിലെ തന്റെ വീട്ടില്‍ വച്ച് എംപി തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. തുടര്‍ന്ന് അറസ്റ്റിലായ എംപി ഇപ്പോഴും ജയിലിലാണ്. പിന്നീട് 2020 നവംബറില്‍ എംപിയുടെ സഹോദരന്‍ യുവതിക്കെതിരെ വാരാണസിയില്‍ വ്യാജരേഖക്കേസ് ഫയല്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്ക് മുമ്പ് കോടതി യുവതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യുവതിയെ കണ്ടെത്താനായില്ലെന്ന പോലീസ് വാദം അംഗീകരിച്ചായിരുന്നു കോടതി വാറണ്ട്. ബല്ലിയ, വാരണസി എന്നിവിടങ്ങളില്‍ നിന്നായി തനിക്കെതിരെ രണ്ട് അറസ്റ്റ് വാറണ്ടുകള്‍ ഇഷ്യൂ ചെയ്തതായും യുവതി പറഞ്ഞിരുന്നു. അതുല്‍ റായിയുടെ കുടുംബവും പോലീസും ചേര്‍ന്ന് തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും ആരോപിച്ച് യുവതി ദല്‍ഹിയിലെത്തി ഒരു ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആരോപിച്ചിരുന്നു. 

രണ്ടു വര്‍ഷമായി പോലീസ് പീഡിപ്പിക്കുകയാണെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാതായിരിക്കുകയാണെന്നും യുവതിയും യുവാവും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്. സംഭവത്തെതുടര്‍ന്ന് വാരണസിയിലെ രണ്ട് പോലീസ് ഒഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
 

Latest News