ന്യൂദൽഹി- താലിബാൻ അധികാരം പിടിച്ചെടുത്ത് അഫ്ഗാനിൽ നിന്ന് ഇന്ത്യക്കാർ അടക്കമുള്ളവരെ മടക്കി എത്തിക്കുന്ന രക്ഷാദൗത്യത്തിന് ഓപ്പറേഷൻ ദേവീശക്തി എന്ന് പേരിട്ടു. രക്ഷാദൗത്യത്തെക്കുറിച്ചു ട്വീറ്റ് ചെയ്ത വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശികൾക്കു പുറമേ അഫ്ഗാൻ പൗരന്മാർക്കും ഇന്ത്യ അഭയം നൽകിയിട്ടുണ്ട്. രക്ഷാ ദൗത്യത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ വ്യോമസേനയേയും മന്ത്രി അഭിനന്ദിച്ചു.
കാബൂളിൽനിന്നു താജിക്കിസ്ഥാനിലേക്ക് മാറ്റിയ മലയാളി കന്യാസ്ത്രീ സിസ്റ്റർ തെരേസ ക്രാസ്റ്റ അടക്കം 78 പേരടങ്ങുന്ന സംഘം ദൽഹിയിൽ എത്തി. സിസ്റ്റർ തെരേസയ്ക്കു പുറമേ മിഷണറീസ് ഓഫ് ചാരിറ്റിയുടെ എട്ടു കന്യാസ്ത്രീകളടക്കം 25 ഇന്ത്യക്കാരാണ് എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർ കർണാടക സ്വദേശികളാണ്. കോവിഡ് പരിശോധന ഉൾപ്പടെയുള്ള നടപടിക്രമങ്ങൾക്ക് ശേഷം ഏറെ വൈകിയാണ് ഇവർ വിമാനത്താവളത്തിന് പുറത്തേക്കിറങ്ങിയത്. അഫ്ഗാനിസ്ഥാനിലെ സിഖ് വിഭാഗത്തിൽ നിന്നുള്ള 44 പേരും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഇവർക്ക് പോളിയോ വാക്‌സിൻ നൽകിയ ശേഷമാണ് പുറത്തേക്ക് വിട്ടത്.
അഫ്ഗാനിൽ നിന്നെത്തിച്ച ഗുരുഗ്രന്ഥ സാഹിബിന്റെ മൂന്ന് പകർപ്പുകൾ (സ്വരൂപ്) കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിംഗ് പുരിയും വി. മുരളീധരനും വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു. മന്ത്രിമാർ ശിരസിലേറ്റിയാണ് ഗുരുഗ്രന്ഥസാഹിബ് വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. തുടർന്ന് സിഖ് വിശുദ്ധ ഗ്രന്ഥം മഹവീർ നഗറിലെ ഗുരുദ്വാരയിലേക്ക് കൊണ്ടു പോയി.
അതിനിടെ, അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്നലെ ദൽഹിയിൽ എത്തിയ എല്ലാവരെയും ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. ഐ.ടി.ബി.പിയുടെ ചാവ്‌ല കേന്ദ്രത്തിലേക്കാണ് മാറ്റിയത്. എന്നാൽ കോവിഡ് പരിശോധന ഫലം നെഗറ്റീവായിട്ടും പാസ്‌പോർട്ട് പിടിച്ച് വാങ്ങി ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയതിൽ ചിലർ പ്രതിഷേധിച്ചു.
ഇന്ത്യക്കാർ അടക്കമുള്ളവരെ വഹിച്ചു കൊണ്ട് നിരവധി തവണയാണ് വ്യോമസേന വിമാനങ്ങൾ രാജ്യത്ത് പറന്നിറങ്ങിയത്. താലിബാൻ കാബൂൾ കൈയടക്കിയതിനു പിന്നാലെ 800 ആളുകളെ ഇന്ത്യ അഫ്ഗാനിൽനിന്ന് ഇതുവരെ തിരികെ എത്തിച്ചു എന്നാണു വിവരം. ഇരുന്നൂറോളം വരുന്ന അഫ്ഗാൻ സിഖ്, ഹിന്ദു വിഭാഗത്തിൽ പെട്ടവർ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇവർ കാബൂളിലെ കാർത്തേ പർവാൻ ഗുരുദ്വാരയിൽ അഭയം തേടി.
അതിനിടെ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. ആറു വിദേശ രാജ്യങ്ങളാണ് അവരുടെ രാജ്യത്തെ സ്ഥാപനങ്ങൾക്ക് വേണ്ടി അഫ്ഗാനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. അമേരിക്ക, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്ക് പിന്തുണയുമായി എത്തിയത്. ആറ് രാജ്യങ്ങളും അവർക്ക് വേണ്ടി ജോലി ചെയ്യുന്നവരെ കണ്ടെത്തി കാബൂളിലെ വിമാനത്താവളങ്ങളിൽനിന്ന് അതത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകും. പിന്നീട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇവരെ ദൽഹിയിലെത്തിക്കും. ഓഗസ്റ്റ് 31നു മുൻപ് മുഴുവൻ ഇന്ത്യക്കാരേയും ഒഴിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് വിദേശ രാജ്യങ്ങളുടെ പിന്തുണ കൂടുതൽ കരുത്തു പകരും.