Sorry, you need to enable JavaScript to visit this website.

എയര്‍ ഏഷ്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

മുംബൈ-  അഹമദാബാദില്‍ നിന്ന് ചെന്നൈയിലേക്കു പറന്ന എയര്‍ ഏഷ്യ ഇന്ത്യാ വിമാനവും ബെംഗളുരുവില്‍ നിന്ന് വഡോദരയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനവും ആകാശത്ത് നേര്‍ക്കുനേര്‍ എട്ടു കിലോമീറ്റര്‍ ദൂരം വരെ അടുത്തെത്തി ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി അന്വേഷണ റിപോര്‍ട്ട്. ജനുവരി 29 നടന്ന സംഭവം വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ആണ് അന്വേഷിച്ചത്. പരസ്പരം അടുത്തുവന്ന വിമാനങ്ങള്‍ തമ്മില്‍ തമ്മില്‍ 300 അടി ഉയര വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ധാരണാ പിശകും അശ്രദ്ധയുമാണ് ഗുരുതരമായ ഈ അപകട സാഹചര്യമുണ്ടാക്കിയതെന്നും അന്വേഷണ റിപോര്‍ട്ട് പറയുന്നു. 

അഹമ്മദാബാദില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും ഭാവ്‌നഗറിനു മീതെയാണ് പറക്കാറുള്ളത്. എന്നാല്‍ ജനുവരി 29ന് എയര്‍ ഏഷ്യാ വിമാനം പറന്നത് മുംബൈയിലിറങ്ങാനുള്ള വിമാനങ്ങള്‍ താഴ്ന്ന് പറക്കാനായി സാധാരണ ഉപയോഗിക്കുന്ന പാതയിലായിരുന്നു. എയര്‍ ഏഷ്യയുടെ ഈ സഞ്ചാര പാത മാറ്റം കാരണമാണ് എതിര്‍ ദിശയില്‍ നിന്ന് പറന്നുവന്ന ഇന്‍ഡിഗോ വിമാനവുമായി നേര്‍ക്കുനേര്‍ വന്നത്. ഇരുവിമാനങ്ങളും വ്യത്യസ്ത ഉയരങ്ങളിലായിരുന്നു. ഇങ്ങനെ സംഭവിച്ചതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് അപകടസാധ്യതാ മുന്നറിയിപ്പ് ലഭിച്ചു. എന്നാല്‍ ഇത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഗൗനിച്ചില്ല. എയര്‍ ഏഷ്യ വിമാനം ഭാവ്‌നഗറിനു മുകളിലൂടെ പതിവ് പാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നതെന്നും ഇന്‍ഡിഗോ വിമാനം പരിസരത്തൊന്നും അല്ലെന്നും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഊഹിച്ചു. അപകടാവസ്ഥ കണ്‍ട്രോളര്‍ തിരിച്ചറിഞ്ഞപ്പോഴേക്കും എയര്‍ ഏഷ്യ വിമാനം 38008 അടി ഉയരത്തിലും ഇന്‍ഡിഗോ വിമാനം 38000 അടി ഉയരത്തിലും എത്തിയിരുന്നു. ഇതിനിടെ എയര്‍ ഏഷ്യ വിമാനത്തിലെ അപകട മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ വീണ്ടും ഉയരത്തിലേക്ക് പറത്തുകയായിരുന്നു. 38,396 അടി വരെ ഉയര്‍ത്തിയാണ് എയര്‍ ഏഷ്യാ വിമാനം അപകട സാഹചര്യം മറികടന്നതെന്നും റിപോര്‍ട്ട് പറയുന്നു. 

Latest News