ഇടുക്കി- ശാന്തന്‍പാറ- ചൂണ്ടലിലെ വാടക വീട്ടില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുമളി എട്ടാം മൈല്‍ കടശിക്കടവ് സ്വദേശി മണി വരദരാജ(40)ന്റെ ജഡമാണ് കണ്ടെത്തിയത്. ചൂണ്ടല്‍ സ്വദേശി കാളിയപ്പന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മണിയും സുഹൃത്ത് എട്ടാം മൈല്‍ ലക്ഷ്മി ഇല്ലത്തില്‍ പ്രകാശും(42) താമസിച്ച് വന്നിരുന്നത്. ഇരുവരും ചൂണ്ടല്‍ പച്ചക്കാടന്‍ എസ്റ്റേറ്റില്‍ മേസ്തിരി ജോലി ചെയ്യാന്‍ എത്തിയവരായിരുന്നു. കനത്ത മഴ നിമിത്തം മേസ്തിരി ജോലികള്‍ നിര്‍ത്തിവച്ചതിനാല്‍ വാടക വീട്ടില്‍ താമസിച്ച് പ്രദേശത്തെ ഏലക്കാടുകളിലെ തണല്‍ മരങ്ങളുടെ കൊമ്പ് ഇറക്കി തണല്‍ ക്രമീകരിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച വൈകിട്ട് രണ്ടു പേരെയും കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെ കെട്ടിട ഉടമ എത്തിയപ്പോള്‍ മുറിക്കുള്ളില്‍ മണി വരദരാജനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ശാന്തന്‍പാറ പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പ്രതിയെന്നു സംശയിക്കുന്ന മണിയുടെ സുഹൃത്ത് പ്രകാശ് ഒളിവില്‍ പോയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.






