മഞ്ചേശ്വരത്ത് പണം പിടിച്ചുപറിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

കാസര്‍കോട്-അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തി തൊഴിലാളിയെ അക്രമിച്ച് 26,000 രൂപ ഭീഷണിപ്പെടുത്തി പിടിച്ചുപറിച്ചുവെന്ന കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ തൗഫീഖ് (40) ആണ് അറസ്റ്റിലായത്.സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച നിരവധി കേസിലെ പ്രതിയായ മുഹമ്മദ് ഇര്‍ഫാന്‍ എന്ന പപ്പുവി (39) നെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍ പ്രദേശ് സംബാര്‍ ജില്ലയിലെ ഷഗബാസ്പൂര്‍ കലയിലെ മന്‍സൂര്‍ പൂര്‍ മാഫിയുടെ മകന്‍ സായി ആലിമി (30) നെ അക്രമിച്ചാണ് സംഘം പണം തട്ടിയെടുത്തതെന്നാണ് കേസ്. കവര്‍ച്ച, വധശ്രമം, പിടിച്ചുപറി തുടങ്ങി നിരവധി കേസില്‍ പ്രതിയായ ഇര്‍ഫാന്‍ നാലു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തി പണം പിടിച്ചുപറിച്ചതെന്നാണ് പോലീസ് പറയുന്നത്. മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ എ .സന്തോഷ് കുമാറും സംഘവും സാഹസികമായാണ് രണ്ട് പ്രതികളെയും പിടികൂടിയത്

 

Latest News