ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍; ഒരു പ്രതി കൂടി അറസ്റ്റില്‍

കാസര്‍കോട്- മഞ്ചേശ്വരത്തെ മര മില്ലുടമ ഇസ്മയിലിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. കര്‍ണ്ണാടക ഉള്ളാള്‍ ബയല്‍ മഗേരു തറുതല ഗുഡെയിലെ ഇസ്മായില്‍ എന്ന ബദറുദ്ദീന്‍ (38) ആണ് പിടിയിലായത്. മറ്റൊരു പ്രതി മംഗളുരു കൊട്ടേക്കാറിലെ നാസിര്‍ ഹുസൈനെ (35) കഴിഞ്ഞ ആഴ്ച മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ എത്രയും വേഗം കുറ്റപത്രം നല്‍കുമെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഇസ്മയിലിന്റെ ഭാര്യ ആയിഷ (42) കാമുകനെന്ന് പറയുന്ന അയല്‍വാസി മുഹമ്മദ് ഹനീഫ (35) അറഫാത്ത് (32) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2020 ജനുവരി 19 ന് അര്‍ദ്ധരാത്രി 12 മണിയോടെയാണ് ഭാര്യയും കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നത്. മദ്യലഹരിയില്‍ ഉറങ്ങി കിടന്ന മരമില്ലുടമയെ കൊലപ്പെടുത്താന്‍ മംഗളുരുവിലെ വാടക കൊലയാളികളെ ക്വട്ടേഷന്‍ നല്‍കി വരുത്തുകയായിരുന്നു. കര്‍ണ്ണാടകയില്‍ ചില കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായ പ്രതികള്‍. പതിനായിരം രൂപയാണ് ഭാര്യ ആയിഷ കൊലയാളി സംഘത്തിന് പ്രതിഫലമായി നല്‍കിയത്. പിറ്റേ ദിവസം ഭാര്യ തന്നെയാണ് അയല്‍വാസികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ഇസ്മായില്‍ മരിച്ചു കിടക്കുകയാണെന്ന് അറിയിച്ചത്. എന്നാല്‍ ഇസ്മയിലിന്റെ സഹോദരനും ബന്ധുക്കളും എത്തി നോക്കിയപ്പോള്‍ കഴുത്തിന് പിന്നില്‍ കയര്‍ കുറുകിയതിന്റെ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ ഇസ്മായില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതാണെന്നും താനും അയല്‍വാസി മുഹമ്മദ് ഹനീഫും ചേര്‍ന്നാണ് കെട്ടഴിച്ചു താഴെ കിടത്തിയതെന്നും പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാനാണ് മരണവിവരം പോലീസിനെ അറിയിക്കാതിരുന്നതെന്നും ഭാര്യ ആയിഷ കള്ളം പറഞ്ഞു. എന്നാല്‍ ആയിഷയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇസ്മയിലിന്റെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപതകത്തിന്റെ ചുരുളഴിയുന്നത്. ആയിഷയും മുഹമ്മദ് ഹനീഫയും തമ്മിലുള്ള അവിഹിത ബന്ധത്തെ കുറിച്ച് അറിഞ്ഞ ഇസ്മായില്‍ ചോദ്യം ചെയ്തതോടെയാണ് കമിതാക്കള്‍ കൊലപ്പെടുത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയമായ തെളിവെടുപ്പാണ് പോലീസ് നടത്തിയത്. ഇസ്മായില്‍ മദ്യപിച്ചെത്തി സ്ഥിരമായി ഉപദ്രവിക്കുന്നതിനാല്‍ സഹികെട്ടാണ് ഇല്ലാതാക്കാന്‍ അയല്‍വാസിയുടെ സഹായം തേടിയതെന്നാണ് ഭാര്യ ആയിഷ പോലീസിനോട് പറഞ്ഞിരുന്നത്.

 

 

Latest News