പേരു ചോദിച്ച് മുസ്ലിം യുവാവിന് മര്‍ദനം, നാല് പേര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍- മധ്യപ്രദേശില്‍ വള വില്‍ക്കുകയായിരുന്ന മുസ്ലിം യുവാവിനെ പേരു ചോദിച്ച് മര്‍ദിച്ച സംഭവത്തില്‍ പോലീസ് ഇതുവരെ നാലു പേരെ അറസ്റ്റ് ചെയ്തു. ഇന്‍ഡോറിലെ ഗോവിന്ദ് നഗറില്‍ വ്യാജ പേരുപയോഗിച്ച് സ്ത്രീകള്‍ക്ക് സാധനങ്ങള്‍ വില്‍പന നടത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
ഇന്‍ഡോറില്‍ ദേശവിരുദ്ധ സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്ന് ആരോപിച്ച് ചൊവ്വാഴ്ച രാവിലെ ഹിന്ദു ജാഗരണ്‍ മഞ്ച് ഡി.ഐ.ജി ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
25 കാരനായ തസ്‌നീം അലിയെ മര്‍ദിച്ച ആള്‍ക്കൂട്ടത്തില്‍ ഉള്‍പ്പെട്ട നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാകേഷ് പവാര്‍ (38), വികാസ് മാളവ്യ (27), രാജ്കുമാര്‍ ഭടനഗര്‍ (37), വിവേക് വ്യാസ് (35) എന്നിവരാണ് അറസ്റ്റിലായതെന്ന് ബംഗംഗ പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് രാജേന്ദ്ര സോണി പറഞ്ഞു. വീഡിയോ ഫൂട്ടേജ് പരിശോധിച്ച് മര്‍ദനത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തിയാണ് അറസ്റ്റ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തസ്‌നീം അലിക്കെതിരെ പോക്‌സോ പ്രകാരവും വ്യാജ രേഖ ചമച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസുകളിലും അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഇന്‍ഡോര്‍ സിറ്റിയില്‍ 13 കാരിയെ അനുചിതമായി സ്പര്‍ശിച്ചുവെന്ന് ആരോപിച്ചാണ് തസ്‌നീമിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശിയ തസ്‌നീം അലി ഉപേക്ഷിച്ച ബാഗില്‍ രണ്ട് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് പോക്‌സോക്ക് പുറമെ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്്ഷന്‍ 420 (വഞ്ചന),471 (വ്യാജരേഖ) തുടങ്ങിയ വകുപ്പുകള്‍ കൂടി ചേര്‍ത്ത്് കേസെടുത്തത്.
പുണ്യ മാസമായ സാവനില്‍ ഹിന്ദുവാണെന്ന് വിശ്വസിപ്പിച്ച് സ്ത്രീകള്‍ക്ക് വള വില്‍ക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
ഇന്‍ഡോറിലെ റീഗല്‍ സ്‌ക്വയറിലുള്ള ഡി.ഐ.ജി ഓഫീസിനു മുന്നില്‍ നടന്ന ഹിന്ദു ജാഗരണ്‍ മഞ്ച് പ്രതിഷേധം കണക്കിലെടുത്ത് കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. ഭാരത് മാതാ കീ ജയ്, ഹിന്ദുസ്ഥാനില്‍ തുടരണമെങ്കില്‍ വന്ദേമാതരം ചൊല്ലിയേ തീരൂ, ജയ് ജയ് ശ്രീറാം, പാക്കിസ്ഥാന്‍ മൂര്‍ദാബാദ് തുടങ്ങിയ മുദ്രവാക്യങ്ങള്‍ മുഴക്കി കാവിപ്പതാകകള്‍ വീശിയായിരുന്ന പ്രകടനം. ദേശ വിരുദ്ധ സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും പോലീസിനു റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയില്ലെന്നും ഡി.ഐ.ജിക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു. പ്രത്യേക ഗ്രൂപ്പില്‍നിന്നുള്ള സമ്മര്‍ദം കാരണമാണ് നടപടിയില്ലാത്തതെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് ആരോപിച്ചു. സ്വാതന്ത്ര്യദിന പരിപാടിയില്‍ നടന്ന കല്ലേറ്, പെണ്‍കുട്ടികളെ പീഡിപ്പിക്കല്‍, യഥാര്‍ഥ മതം മറച്ചുവെച്ച് യുവതികളെ വലവീശല്‍ തുടങ്ങിയസംഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം സംഭവങ്ങളിലെല്ലാം ആവശ്യമായ നടപടികള്‍ സ്വീകരിച്ചതാണെന്ന് ഡി.ഐ.ജി മനീഷ് കപൂരിയ പറഞ്ഞു. നഗരത്തില്‍ സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താന്‍ ജനങ്ങളുടെ സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു. ഇന്‍ഡോറിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ഒരു സമുദായത്തേയും പോലീസ് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

 

Latest News