Sorry, you need to enable JavaScript to visit this website.

റഷ്യയുടെ വശ്യതയാർന്ന കാഴ്ചകളിലൂടെ

പ്രൗഢിയും ഗാംഭീര്യവും കാത്തു സൂക്ഷിക്കുന്ന റഷ്യയുടെ തലസ്ഥാന നഗരിയാണ് മോസ്‌കോ. മനോഹര ഭൂപ്രകൃതിയും മികച്ച കാലാവസ്ഥയും അനുഗ്രഹിച്ച വ്യത്യസ്തമായ പ്രദേശം. രാവിലെ എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ നല്ല വെളിച്ചം. ഒന്നും കൂടി സമയം നോക്കി.  രാവിലെ 5 മണി തന്നെ. വിശ്വാസം വരതെ ഗൂഗിൾ ചെയ്തു. മോസ്‌കോയിൽ സൂര്യൻ ഉദിക്കുന്നതു 4.30 ന് ആണന്നു ബോധ്യമായി. പകൽ സമയം കൂടുതലുള്ള സീസൺ ആണ് സമ്മർ. വളരെ വിരളമായി കിട്ടുന്ന ഈ കാലാവസ്ഥ ആഘോഷിക്കുന്നവരെ പാർക്കുകളിലും ടൂറിസ്റ്റ് സ്‌പോട്ടുകളിലും കാണാൻ സാധിക്കും.മോസ്‌കോയുടെ അടുത്ത് കിടക്കുന്ന നഗരമാണ് സെന്റ് പീറ്റേഴ്‌സ് ബെർഗ്. അവിടെ വൈറ്റ് നൈറ്റ് ആഘോഷങ്ങൾ നടക്കുന്ന  മാസമാണിത്.  ആദ്യം ദിനം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച റഷ്യൻ കോട്ട എന്നറിയപ്പെടുന്ന ക്രെംലിനിലേക്ക് യാത്ര തിരിച്ചു. അഞ്ച് കൊട്ടാരങ്ങളും നാല് കത്തീഡ്രലുകളും ക്രെംലിൻ മതിലും ക്രെംലിൻ ഗോപുരങ്ങളും ചേർന്ന കെട്ടിട സമുച്ചയമാണ് ക്രെംലിൻ. റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണിത്.
മോസ്‌കോയുടെ മധ്യത്തിലായി കിടക്കുന്നു റെഡ് സ്‌ക്വയർ. അതിൽ ലെനിൻ മുസോളിയം എടുത്തു പറയേണ്ടതായി തോന്നി. 53 വർഷ കാലം ജീവിച്ച ലെനിന്റെ ഭൗതിക ശരീരം ഏകദേശം 97 വർഷമായി എംബാം ചെയ്തു സൂക്ഷിച്ചിരിക്കുന്നു.  
സന്ദർശകർക്ക് പ്രവേശനം ഉണ്ടെങ്കിലും ഫോട്ടോഗ്രാഫി അനുവദിക്കാറില്ല. കോണിപ്പടികൾ കയറി നിശബ്ദമായ ഒരു ഇരുട്ടുള്ള ഹാളിലൂടെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് ഓരോരുത്തർക്കും കടന്നു പോകാം. നീണ്ട ക്യു ഉള്ളത് കൊണ്ട് തന്നെ ഒരു മിനിറ്റ് പോലും അവിടെ നിൽക്കാൻ അനുവാദമില്ല.... ചെറിയ ഹാളിന്റെ മധ്യത്തിൽ ബ്ലാക്ക് സ്യൂട്ടിൽ ഉറങ്ങുന്നതായേ തോന്നുകയുള്ളൂ. ദിവസവും പതിനായിരങ്ങൾ സന്ദർശിക്കുന്ന ഇതിന്റെ സംരക്ഷണ ചുമതല ലെനിൻ ലാബിനാണ്. 
അവിടെ നിന്നും പുറത്തു ഇറങ്ങിയാൽ സെന്റ് ബാസിൽസ് കത്തീഡ്രൽ കാണാം. വോൾഗ-ബൾഗേറിയൻ അധിനിവേശത്തിൽ ഒരു ഭാഗം തിരിച്ചുപിടിച്ചതിന്റെ സ്മരണക്ക് സാർ ചക്രവർത്തി പണി കഴിപ്പിച്ചതായിരുന്നു കൊത്തുപണികളാൽ വർണാഭമായ ഉള്ളിയുടെ ആകൃതിയിൽ മകുടങ്ങളുള്ള ഈ ദേവാലയം. 


ക്രെംലിൻ മതിലിനോട് ചേർന്ന് വളരെ വിശാലമായ ഒരു ഗാർഡൻ ഉണ്ട്-അലക്‌സാൻഡർ പാർക്ക്. ഇതിൽ ടോമ്പ് ഓഫ് അൺനോൺ സോൾഡ്യേഴ്‌സ് എന്ന ഒരു ഭാഗത്തു എല്ലാ സീസണിലും കത്തിക്കൊണ്ടിരിക്കുന്ന ഒരു വിളക്കും രണ്ട്  കാവൽക്കാരേയും കാണാം. ഓരോ മണിക്കൂറിലും പുതിയ കാവൽക്കാർ അവിടെ സ്ഥാനം പിടിക്കും.കണ്ടു കൊണ്ടിരിക്കാൻ നല്ല കാഴ്ച. സമയം പോകുന്നത് അറിയില്ല. നീണ്ട കാലത്തിന് ശേഷം പൊതു സ്ഥലങ്ങളിൽ മാസ്‌കില്ലാതെ ആൾക്കാരെ കാണുന്നത് ഇതാദ്യമായാണ്. 
പകൽ മുഴുവനും അവിടെ ചെലവഴിച്ചു തിരിച്ചു ഹോട്ടലിലേക്ക് മടങ്ങി.  മഗ്രിബ് നമസ്‌കാരം രാത്രി ഒൻപതു മണിക്ക് ആയതു കൊണ്ട് കൂടുതൽ സമയം നമുക്ക് ഉപയോഗപ്പെടുത്താൻ കഴിയും 
അടുത്ത ഡേ ഹോപ് ഓൺ-ഹോപ് ഓഫ് സിറ്റി ബസ് ടൂറായിരുന്നു  തെരഞ്ഞെടുത്തത്. രാവിലെ ടിക്കറ്റ് എടുത്ത് ബസിൽ കയറിയാൽ സിറ്റി മൊത്തം കാണാം. സൗകര്യമുള്ളിടത്ത് ഇറങ്ങാം. 48 മണിക്കൂർ ടിക്കറ്റ് ഉപയോഗപ്പെടുത്താം. 
നമ്മൾക്ക് മിസ്സായ സ്‌പോട്ടും ഇതിലൂടെ കവർ ചെയ്യാനാകും. ബസിൽ കമന്ററി ഉള്ളത് കൊണ്ട് ഓരോ സ്ഥലവും മനസ്സിലാക്കാൻ എളുപ്പമായി . അത് പോലെ ഗൂഗിൾ ട്രാൻസിലേറ്ററിന്റെ സഹായം വളരെ വലുതാണ്.  നെയിം ബോർഡുകൾ എല്ലാ റഷ്യൻ ഭാഷയിൽ ആണ്. ഇംഗ്ലീഷിൽ വളരെ അപൂർവമായേ കാണാൻ കഴിയുകയുള്ളു. സംസാരിക്കുന്നവരും വളരെ കുറവാണ്. നാലു ദിവസം മോസ്‌കോയിൽ ചെലവഴിച്ചതിനു ശേഷം 800 കിലോ മീറ്റർ അകലെ സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് യാത്ര തിരിച്ചു. പുൽമേടുകളും പൂമരക്കാടുകളും വൃക്ഷനിബിഡമായ പറമ്പുകളും താണ്ടി, ബുള്ളറ്റ് ട്രെയിനിൽ 4 മണിക്കൂർ യാത്ര. ചില നേരങ്ങളിൽ തണുത്തു വിറയ്ക്കുന്ന കാലാവസ്ഥ. 


നേവ നദീ തീരത്തു സ്ഥിതി ചെയുന്ന റഷ്യയുടെ പുരാതന നഗരം, വിസ്മയപ്പെടുത്തുന്ന കൊട്ടാരങ്ങളും മ്യൂസിയങ്ങളും കത്തീഡ്രലുകൾ കൊണ്ട് സമൃദ്ധമാണ്. പാലസ് സ്‌ക്വയറിലെ ഹെർമിറ്റേജ്, വിന്റർ പാലസ്, സമ്മർ ഗാർഡൻ, സ്പിൽഡ് ബ്ലഡ്, പീറ്റർ & പോൾ ഫോട്രെസ് അങ്ങനെ നീണ്ടു കിടക്കുന്നു മ്യൂസിയങ്ങളും പാലസും എല്ലാം.... നേവ നദിയും ഓരോ പാലസിന്റെ അരികിലുള്ള കനാലുകളും ബ്രിഡ്ജുകളും ഉദ്യാനങ്ങളും എല്ലാം തന്നെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. അതി പുരാതന ശൈലിയിൽ അതേ പ്രതാപത്തോട് കൂടി നിലർത്തുന്നതു കൊണ്ട്തന്നെ നമ്മളിലെ ചരിത്ര അന്വേഷകർ നാം അറിയാതെ തന്നെ ഉണർന്നിരിക്കും. ഇവിടെയുള്ള ഓരോ സ്തൂപങ്ങൾക്കും ഓരോ ഭിത്തികൾക്കും  പറയാനുണ്ടാകും അധിനിവേശത്തിന്റെയും ലോക മഹാ യുദ്ധങ്ങളുടെയും കഥ.  സിറ്റി ടൂർ ബസ് കഴിഞ്ഞാൽ കാഴ്ച കാണാൻ ഏറ്റവും നല്ലതു കനാലിലൂടെയും നദിയിലൂടെയും ഉള്ള ബോട്ട് യാത്രയാണ്.  സ്‌നോ വന്നു കഴിഞ്ഞാൽ ഇവിടം ജനവാസയോഗ്യമല്ലാതാവും എന്ന് ടൂർ ഏജന്റ് മനോജ് പറയുകയുണ്ടായി.മൂന്നാം ദിവസം സെന്റ് പീറ്റേഴ്സ് ബെർഗിനോടു യാത്ര പറഞ്ഞു തിരിച്ചു മോസ്‌കോയിലേക്ക്.  പിന്നീടുള്ള ദിനങ്ങൾ കുട്ടികളുടേത് ആയിരുന്നു.അവരുടെ കൗതുക ലോകമായ ഡിസ്‌നിവേൾഡിലും അതി വിശാലമായ ട്രറെടീയോകോ ഗാലറിയിലും ചെലവഴിച്ചു.


ഓരോ ദിവസവും ഹോട്ടലിലേക്ക് മടങ്ങുമ്പോൾ തിരിച്ചു പോകുമ്പോഴുള്ള കോവിഡ് ടെസ്റ്റ് റിപ്പോർട്ടിനെ കുറിച്ചുള്ള ആശങ്ക ഇല്ലാതില്ല. ഇവിടെ കോവിഡ് കേസുകൾ ഉണ്ടെങ്കിലും നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇല്ല. മാക്‌സിമം വാക്സിനേറ്റ് ചെയ്തു കോവിഡിനെ അതിജീവിക്കുന്നു. വളരെ കുറച്ചു ഇന്ത്യക്കാർ താമസിക്കുന്ന സ്ഥലമാണ് മോസ്‌കോയും ചുറ്റുമുള്ള പ്രദേശങ്ങളും പക്ഷെ ഇപ്പോൾ പുറത്തു ഇറങ്ങിയാൽ നിരവധി പേരെ കാണാൻ കഴിയും. മറ്റുള്ള രാജ്യങ്ങളിൽ യാത്രാ വിലക്ക് നിലനിൽക്കുന്നത് കൊണ്ടാവാം..
രണ്ട് വർഷമായി നിർജീവമായി കിടക്കുന്ന ടൂറിസം മേഖല പൂർവാധികം ശക്തിയോടെ തിരിച്ചു വരും എന്ന് പ്രത്യാശിക്കാം.... 16 ദിവസങ്ങൾക്കു ശേഷം യാത്ര തുടരുമ്പോൾ ഇടത്താവളം അനുവദിച്ച പ്രിയപ്പെട്ട റഷ്യയ്ക്ക് നന്ദി.

Latest News