കോവിഡ് ചട്ടം ലംഘിക്കാന്‍ ഉദ്യോഗസ്ഥരുടെ സഹായം, ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നിരോധം

പോര്‍ട് മോറസ്ബി- കോവിഡ് ബാധിതരെയടക്കം രാജ്യത്ത് പ്രവേശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്ന് ആരോപിച്ച് പാപ്പുവ ന്യൂ ഗിനിയ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തി. കോവിഡ് 19 യാത്രാ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് ആരോപണം. അംഗീകാരമില്ലാതെ ഡസന്‍ കണക്കിന് യാത്രക്കാരെ ന്യൂഗിനിയയില്‍ എത്താന്‍ സഹായിച്ചു. ഇവരില്‍ കോവിഡ് പോസിറ്റീവായവരും ഉള്‍പ്പെടുന്നുവെന്ന് കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
111 യാത്രക്കാരുമായി ഇന്തോനേഷ്യ വഴിയാണ് ചാര്‍ട്ടര്‍ വിമാനം പാപ്പുവ ന്യൂ ഗിനിയയില്‍ എത്തിയത്. അംഗീകരിച്ചതിനേക്കാള്‍ 30 യാത്രക്കാര്‍ കൂടുതലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുരാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ നിരന്തരം ചര്‍ച്ച നടത്തിയതിനുശേഷമാണ് ചാര്‍ട്ടര്‍ വിമാനത്തിന് അനുമതി നല്‍കിയത്. കോവിഡ് വ്യാപിക്കുമെന്ന ഭയത്താല്‍ നാല് തവണ വിമാനത്തിനുള്ള അനുമതി നിഷേധിച്ചിരുന്നു. ഒടുവല്‍ 81 യാത്രക്കാര്‍ക്ക് പ്രവേശിക്കാനാണ് അനുമതി നല്‍കിയത്. തട്ടിപ്പില്‍ പോര്‍ട് മോറസ്ബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് കമ്മീഷണര്‍ ഡേവിഡ് മാനിംഗ് പറഞ്ഞു.
പാപ്പുവ ന്യൂ ഗിനിയയിലെ സര്‍ക്കാരിനേയും ജനങ്ങളേയും മാനിക്കാത്ത നടപടിയായതിനാല്‍ ഇന്ത്യയില്‍നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അനിശ്ചിത കാല നിരോധ എര്‍പ്പെടുത്തിയിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. ആരോപണത്തെ കുറിച്ച് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരോ കേന്ദ്ര സര്‍ക്കാരോ പ്രതികരിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കാപജെറ്റ്, ഗരുഡ ഇന്തോനേഷ്യ എന്നിവക്ക് പാപ്പുവ ന്യൂ ഗിനിയ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിനും നിരോധനമുണ്ട്. ഇന്ത്യയില്‍നിന്നും ഇന്തോനേഷ്യയില്‍നിന്നും രാജ്യത്തെത്തിയ യാത്രക്കാരില്‍ നാല് പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
ഇന്ത്യയില്‍ പൊട്ടിപ്പെറപ്പെട്ട കോവിഡിന്റെ  ദല്‍ഹി വകഭേദം വ്യാപിക്കുന്നത് തടയാനെന്ന പേരിലാണ് പാപ്പുവ ന്യൂഗിനിയ പുതിയ യാത്രാ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്.
രാജ്യത്തെ ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കാനാകാതെ ബുദ്ധുമുട്ടുകയാണെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹാമാരിയുടെ ചികിത്സക്ക് ആവശ്യമായ ഡോക്ടര്‍മാരില്ലാതെയും പാപ്പുവ ന്യൂ ഗിനിയ പ്രതിസന്ധി നേരിടുകയാണ്.

 

 

 

 

Latest News