റിയാദ് - കൊറോണ മഹാമാരി അടിച്ചേൽപിച്ച അസാധാരണ സാഹചര്യത്തിനും വേനലവധിക്കും ശേഷം അടുത്ത ഞായറാഴ്ച മുതൽ സ്കൂളുകൾ തുറക്കുന്നതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കുടുങ്ങിയ അധ്യാപകരെ സൗദിയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് സ്വകാര്യ, ഇന്റർനാഷണൽ സ്കൂൾ ഉടമകൾ ആവശ്യപ്പെട്ടു. സൗദിയിലേക്ക് തിരിച്ചുവരാനാകാതെ സ്വദേശങ്ങളിൽ കുടുങ്ങിയ അധ്യാപകരുടെ പേരുവിവരങ്ങൾ അടങ്ങിയ പട്ടിക സമർപ്പിക്കാൻ രണ്ടാഴ്ച മുമ്പ് സ്വകാര്യ, ഇന്റർനാഷണൽ സ്കൂളുകളോട് ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യപ്പെട്ടിരുന്നു.
ആഭ്യന്തര മന്ത്രാലയം നേരത്തെ ഏർപ്പെടുത്തിയ പ്രവേശന വിലക്കിൽ നിന്ന് പ്രത്യേക ഇളവ് അനുവദിച്ച് സൗദിയിലേക്ക് പ്രവേശനാനുമതി നൽകാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാൽ അധ്യാപകരുടെ മടക്ക യാത്രക്ക് ഇതുവരെ ഒരു നടപടികളും ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ചിട്ടില്ല.
വിദേശങ്ങളിൽ കുടുങ്ങിയ അധ്യാപകരുടെ മടക്ക യാത്രക്ക് അനുമതി നൽകണമെന്ന് സ്വകാര്യ, ഇന്റർനാഷണൽ സ്കൂൾ ഉടമകളും എക്സിക്യൂട്ടീവ് ഡയറക്ടർമാരും ആവശ്യപ്പെട്ടു.






