കൊല്ലം- അടുത്ത ലക്ഷ്യം പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ആണെന്ന് യുവജനകമ്മിഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം. പി.എച്ച്.ഡി ഗവേഷണപ്രബന്ധം പുസ്തകരൂപത്തില്‍ പുറത്തിറക്കുമെന്നും അവര്‍ പറഞ്ഞു.
'നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തിലായിരുന്നു ചിന്ത ജെറോമിന്റെ ഗവേഷണം.
കോളേജ് അധ്യാപികയാകുക എന്നതാണ് ലക്ഷ്യം. പൊതുപ്രവര്‍ത്തനവും ഒപ്പം കൊണ്ടുപോകണം. ജെ.ആര്‍.എഫ് യോഗ്യത നേടിയ ശേഷം ചില കോളേജുകളിലെ അധ്യാപക അഭിമുഖത്തിന് പോയിരുന്നു. നേരത്തെ കേരള സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസത്തിന്റെ കോണ്ടാക്ട് ക്ലാസുകള്‍ എടുത്തിരുന്നു. അപ്പോള്‍ പഠിപ്പിച്ചവരൊക്കെ ഇടക്കു കാണുമ്പോള്‍ ടീച്ചറേയെന്ന് വിളിക്കുന്നത് വലിയ സന്തോഷമാണെന്നും ചിന്ത പ്രതികരിച്ചു.
പി.എച്ച്.ഡി ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ താന്‍ ജെ.ആര്‍.എഫ് തുക കൈപ്പറ്റിക്കൊണ്ടാണ് യുവജന കമ്മിഷന്‍ അധ്യക്ഷയായതെന്നും ഫുള്‍ ടൈം പി.എച്ച്.ഡിയാണ് ചെയ്തതെന്നുമൊക്കെ ചിലര്‍ ആരോപണമുന്നയിച്ചു. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് തീരുമാനിച്ചിരുന്നത്. തന്നെ വിളിച്ച സുഹൃത്തുക്കളോടൊക്കെ കാര്യം പറഞ്ഞു. പി.എച്ച്.ഡി പാര്‍ട് ടൈം ആക്കിയതിന്റെ രേഖകള്‍ അയച്ചുകൊടുത്തു.






