പാലക്കാട്- മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ അയല്‍വാസി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അയല്‍വാസിയായ ജംഷീര്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കുകയായിരുന്നു. പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പ്രതി ഒളിവിലാണ്. സംഭവസമയത്ത് വീട്ടില്‍ പെണ്‍കുട്ടിയും സഹോദരനും മുത്തശ്ശിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രതി എങ്ങനെ വീടിനുള്ളില്‍ കയറിയെന്ന് വ്യക്തമല്ല. പതിനാറുകാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മുത്തശ്ശിയാണ് യുവാവ് കുട്ടിയെ കൊല്ലാന്‍ ശ്രമിക്കുന്നത് കണ്ടത്.
കഴുത്തില്‍ തോര്‍ത്ത് മുറുക്കി വായ്ക്കുള്ളില്‍ തുണി തിരുകിയ നിലയിലായിരുന്നു പെണ്‍കുട്ടി. മുത്തശ്ശിയെ കണ്ടതോടെ പ്രതി അവരെ ചവിട്ടിയിട്ട് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ജംഷീറിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.