വാഷിംഗ്ടണ്‍- അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിന്മാറ്റം വൈകുമോ എന്ന കാര്യം ഉടന്‍ വ്യക്തമാക്കണമെന്ന് യു.എസ് സൈനിക മേധാവികള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ഥിച്ചു. അഫ്ഗാനില്‍ തുടരുന്ന അയ്യായിരത്തോളം സേനാംഗങ്ങളുടെ സുരക്ഷിത പിന്മാറ്റം ഉറപ്പുവരുത്താനുള്ള സമയം വേണം. ഇപ്പോള്‍ തീരുമാനമെടുത്താലെ സമയബന്ധിതമായി ഇത് നടപ്പാക്കാനാവൂ എന്നാണ് സൈനിക വക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഏതാനും ദിവസം കൂടി ആളുകളെ ഒഴിപ്പിക്കുന്നത് തുടരും. അതിന് ശേഷം അവസാനത്തെ സൈനികനും അഫ്ഗാന്‍ വിടും. ഇതാണ് അമേരിക്കയുടെ മുമ്പിലുള്ള ഇപ്പോഴത്തെ പ്ലാന്‍. രാജ്യം വിടാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. ഇതാണ് താലിബാനുമായുള്ള ധാരണ. എന്നാല്‍ ഇതിന് മുമ്പായി ഒഴിപ്പിക്കല്‍ പൂര്‍ണമായും നടക്കാന്‍ സാധ്യത കുറവാണ്. അതിനാല്‍ തീയതി നീട്ടണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീയതി നീട്ടരുതെന്നാണ് യു.എസ് ഭരണകൂടത്തിലെ മിക്ക പ്രമുഖരുടേയും ഉപദേശം.
അഫ്ഗാനിസ്ഥാനില്‍നിന്ന് രക്ഷപ്പെടുക എന്ന ഉദ്ദേശത്തോടെ ആയിരങ്ങളാണ് ഇപ്പോഴും കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചു കൂടിയിരിക്കുന്നത്. ഇവരെ എല്ലാം ഓഗസ്റ്റ് 31ന് മുമ്പായി കൊണ്ടുപോകാന്‍ സാധിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് സേനാപിന്മാറ്റത്തിനുള്ള അവസാന തീയതിയുടെ കാര്യത്തില്‍ അമേരിക്ക ഇതുവരെയായും അന്തിമ തീരുമാനം എടുക്കാത്തത്.
ഓഗസ്റ്റ് 31ന് മുമ്പായി അമേരിക്ക അഫ്ഗാന്‍ മണ്ണില്‍നിന്നു പൂര്‍ണമായി പിന്മാറണമെന്ന് താലിബാന്‍ അന്ത്യശാസനം നല്‍കിയിരുന്നു.