വാഷിംഗ്ടണ്‍- അമേരിക്കയില്‍ അലാസ്‌ക തീരത്ത് വന്‍ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് യു.എസ്, കാനഡ തീരങ്ങളില്‍ പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. കോഡിയാക് പട്ടണത്തിന്റെ തെക്കുകിഴക്കായി റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിനെ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നത്. ആദ്യം 8.2 ആണ് യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സുനാമി ഭീഷണി നിലനില്‍ക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.
സമുദ്രനിരപ്പില്‍നിന്ന് പത്ത് കി.മീ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. അലാസ്‌കയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലും കാനഡയുടെ പടിഞ്ഞാറന്‍ തീരത്തുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നത്. കാലിഫോര്‍ണിയ, ഓറിഗോണ്‍, വാഷിംഗ്ടണ്‍ സ്‌റ്റേറ്റിന്റെ ചില ഭാഗങ്ങള്‍, ഹവായി എന്നീ പ്രദേശങ്ങളും സുനാമി നിരീക്ഷണത്തിലായിരുന്നു.






