മുംബൈ- ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര വർഷമായെന്ന് തനിക്ക് പിറകിലുള്ളവരോട് ചോദിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ഞാൻ അടുത്തുണ്ടായിരുന്നുവെങ്കിൽ അടിക്കുമായിരുന്നുവെന്ന് പ്രസ്താവന നടത്തിയ കേന്ദ്ര മന്ത്രി നാരായൺ റാണെക്കെതിരെ ശിവസേനയുടെ പ്രതിഷേധം. തെരുവിലിറങ്ങിയ പ്രവർത്തകർ ബി.ജെ.പിക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തി. അതിനിടെ, റാണെക്കെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. കേന്ദ്ര മന്ത്രിയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയിൽനിന്നുള്ള പ്രതിനിധിയാണ് നാരായൺ റാണെ. ശിവസേന യുവജന വിഭാഗത്തിന്റെ പരാതിയിൽ പൂനെയിലെ ചതുർശൃംഗി പോലീസാണ് കേസെടുത്തത്. സമാനമായ പരാതിയിൽ നാസിക്കിലും നാരായൺ റാണെക്കെതിരെ കേസെടുത്തു.
'മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം പോലും അറിയില്ല്. ഇത് അപമാനകരമാണ്. തന്റെ പ്രസംഗത്തിനിടെ, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര വർഷമായെന്ന് അറിയാൻ അദ്ദേഹം പിന്നിലേക്ക് തിരിഞ്ഞ് നോക്കി. ഇത് അപമാനകരമാണ്. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അപ്പോൾ അദ്ദേഹത്തെ തല്ലുമായിരുന്നുവെന്നാണ് റായ്ഗഢിലെ 'ജൻ ആശീർവാദ് യാത്ര'ക്കിടെ നാരായൺ റാണെ പറഞ്ഞത്. നാരായൺ റാണെയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാണ് ശിവസേനയുടെ ആവശ്യം.






