Sorry, you need to enable JavaScript to visit this website.

പണമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആസ്തി വില്‍ക്കുന്നു; റോഡും റെയിലും സ്വകാര്യ മേഖലയ്ക്ക്, ഉടമ സര്‍ക്കാര്‍ തന്നെ

ന്യൂദല്‍ഹി- പൂര്‍ണമായും ഉപയോഗപ്പെടുത്താത്ത ആസ്തികള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറി അതിലൂടെ പണം കണ്ടെത്താന്‍ പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു. ആറ് ലക്ഷം കോടി രൂപയുടെ ദേശീയ പണസമാഹരണ പദ്ധതിയാണിത്. സര്‍ക്കാര്‍ പണം മുടക്കി അടിസ്ഥാന സൗകര്യ വികസനം നടത്തുകയും എന്നാല്‍ പൂര്‍ണതോതില്‍ ഉപയോഗപ്പെടുത്താത്തതുമായ ആസ്തികളെ സ്വകാര്യ മേഖലയ്ക്ക് കൈമാറി അതിലൂടെ കൂടുതല്‍ പണമുണ്ടാക്കുകയാണ് ലക്ഷ്യം. ആസ്തികള്‍ പൂര്‍ണമായും വില്‍ക്കില്ലെന്നും ഉടമ സര്‍ക്കാര്‍ തന്നെ ആയിരിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. 

നിശ്ചിത കാലയലളവിലേക്കാണ് ഇവ സ്വകാര്യ മേഖലയ്ക്ക് കൈമാറുക. ഇതിലൂടെ ലഭിക്കുന്ന പണം കൂടുതല്‍ അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കായി വിനിയോഗിക്കും. ഇങ്ങനെ വിറ്റ് പണമാക്കുന്ന ആസ്തികളുടെ വിവരങ്ങളും മന്ത്രി പുറത്തു വിട്ടു. 2022-25 കാലത്തേക്ക് 12 മന്ത്രാലയങ്ങള്‍ക്കു കീഴിലുള്ള ഇരുപതിലധികം ആസ്തികള്‍ ഇങ്ങനെ വിറ്റ് കാശാക്കും.

റോഡുകള്‍ സ്വകാര്യ മേഖലയ്ക്ക കൈമാറി 1.6 ലക്ഷം കോടി രൂപയും റെയില്‍വെ മേഖലയിലെ സ്വകാര്യവല്‍ക്കരണത്തിലൂടെ 1.5 ലക്ഷം കോടി രൂപയും ഊര്‍ജ മേഖലയില്‍ നിന്ന് 79000 കോടി രൂപയും വിമാനത്താവളങ്ങളില്‍ നിന്ന് 20800 കോടി രൂപയും, തുറമുഖങ്ങളില്‍ നിന്ന് 13000 കോടി രൂപയും ടെലികോം മേഖലയില്‍ നിന്ന് 35000 കോടി രൂപയും സ്റ്റേഡിയങ്ങള്‍ സ്വകാര്യവല്‍ക്കരിച്ച് 11500 കോടി രൂപയും ഊര്‍ജ വിതരണ മേഖലയില്‍ നിന്ന് 45200 കോടി രൂപയും സമാഹരിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Latest News