കേരള ടൂറിസത്തെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പ്രൊമോട്ട് ചെയ്യുന്നതിനായി കൊച്ചിയിൽ മിഡിൽ ഈസ്റ്റ് ട്രാവൽ മാർട്ട് സംഘടിപ്പിക്കുന്നു. മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ കൊച്ചി ബോൾഗാട്ടി പാലസ് ഈവന്റ് സെന്ററിലാണ് ട്രാവൽ മാർട്ട് നടക്കുക. കേരള ടൂറിസത്തെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പ്രൊമോട്ട് ചെയ്യുന്നതിന് ഇഫക്ടീവ് മാർക്കറ്റിംഗ് എന്ന നൂതനമായ മാർക്കറ്റിംഗ്, സ്ട്രാറ്റജി നടപ്പിലാക്കുകയാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ട്രാവൽമാർട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.ടി.എം പ്രസിഡന്റ് നാസർ പി. മുഹമ്മദ് (നാസർ വെളിയങ്കോട്) പറഞ്ഞു.
കേരളത്തിന്റെ ടൂറിസം സാധ്യതകളെ വേണ്ട വിധത്തിൽ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പരിചയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവും മധ്യപൗരസ്ത്യ ദേശങ്ങളിലെ സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങളാൽ പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലേക്കുള്ള അന്വേഷണവുമാണ് ഇത്തരമൊരു മാർട്ട് സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ കേരള ടൂറിസത്തിന് സാധ്യതകളേറെയാണ്. ഇതിലൂടെ ഒട്ടേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാവും. ഗൾഫ് പ്രതിസന്ധിയുടെ പേരിൽ മടങ്ങുന്നവർക്ക് വിനോദ സഞ്ചാര മേഖലയിൽ സാധ്യതകൾ ഏറെയാണെന്നും ഇതിനായി ചെറിയ നിക്ഷേപങ്ങൾ മതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ട്രാവൽ മാർട്ടിൽ 8 രാജ്യങ്ങളിൽ നിന്നും ദീർഘകാലത്തെ പരിചയ സമ്പന്നരായ ടൂറിസം കമ്പനികളുടെ അറബ് വംശജരായ നൂറിലേറെ പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിലെ ഹോസ്പിറ്റാലിറ്റി, ഹോട്ടൽസ്, റിസോർട്ട്സ് ആയുർവ്വേദ കമ്പനികളുടെ പ്രതിനിധികളുമായി നേരിട്ട് സംവേദിക്കുന്നതിന് പതിനായിരം ബി.ടു.ബി മീറ്റുകൾ ഇവർക്കായി നടത്തും. അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്ന ഇന്റർനാഷണൽ ടൂറിസം സമ്മിറ്റ്, സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, കേരളത്തിന്റെ ഡെസ്റ്റിനേഷനുകളെ പരിചയപ്പെടുത്തുന്ന ഫാം ട്രിപ്പ് (കുമരകം, തേക്കടി, മൂന്നാർ, കൊല്ലം, കോവളം) തുടങ്ങിയവ ട്രാവൽ മാർട്ടിലുണ്ടാകും.
മാർട്ട് 2018 ന്റെ ഔദ്യോഗിക ലോഞ്ചിംഗ് കൊച്ചി ലേമെറിഡിയൻ കൺവെൻഷൻ സെന്ററിൽ പ്രൊഫ. കെ. വി. തോമസ് എം.പി നിർവ്വഹിച്ചു. മിഡിൽ ഈസ്റ്റ് ട്രാവൽ മാർട്ട് കേരള ടൂറിസം ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് പ്രൊഫ. കെ.വി. തോമസ് എം.പി അഭിപ്രായപ്പെട്ടു.
എം.ടി.എം പ്രസിഡന്റ് നാസർ പി. മുഹമ്മദ് മിഡിൽ ഈസ്റ്റ് ട്രാവൽ മാർട്ടിനെ സദസിന് പരിചയപ്പെടുത്തി. കേരള ടൂറിസം ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ ആഷിഷ് നായർ (ആർ.പി ഗ്രൂപ്പ്), സയിലേഷ് നായർ (ടി കൺട്രി), വിമൽ റോയ് (ഫോഗ് മൂന്നാർ), ജോജി (എം.ഡി.എം. പ്രസിഡന്റ്), ബെൻസി ജോർജ് (ലേക്ക് പാലസ്), മുഹമ്മദ് അനീസ് (ഡയറക്ടർ സാഡ് ഹോളിഡേയ്സ്), ഡോ. കിരൺ ബി. നായർ (ചീഫ് പാട്രൺ എം.ടി.എം), ഔറംഗസീബ് (എം.ടി.എം ജനറൽ സെക്രട്ടറി), ഷംസുദ്ദീൻ (എം.ടി.എം ജനറൽ കൺവീനർ), റഷീദ് കക്കാട് (പ്രസിഡന്റ് എ.എ.ടി.ഒ), തോമസ്. സി. എ (മെമ്പർ എ.എ.ടി.ഒ) മുഹമ്മദ് ബാവ (മെമ്പർ എ.എ.ടി.ഒ), അൻസാരി (മെമ്പർ എ.എ.ടി.ഒ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഡോ. ജിജു പ്രസാദ് (ഡെപ്യൂട്ടി ഡയറക്ടർ പുനർനവ ആയുർവ്വേദ ഹോസ്പിറ്റൽ), ഡോ. കിരൺ ബി. നായർ (മാനേജിഗ് ഡയറക്ടർ വൈദ്യ ഹെൽത്ത് കെയർ), വിമൽ റോയ് (ജനറൽ മാനേജർ ഫോഗ് മൂന്നാർ), ആഷിഷ് നായർ (ഹെഡ് - കോർപറേറ്റ് അഫയേഴ്സ് ആർ.പി ഗ്രൂപ്പ്, ഇന്ത്യ) തുടങ്ങിയവർക്ക് നൽകി ആദ്യ വിൽപന നിർവഹിച്ചു. അബ്ദുൾ റഷീൻ (സി.ഒ.ഒ എം.ടി.എം.), മനു നായർ, മുഹമ്മദ് അൻവർ, വിനീത് രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. നീവ് ജോർജ്ജ് (സി.ഇ.ഒ എം.ടി.എം) നന്ദി പറഞ്ഞു.






