ന്യൂദല്‍ഹി- അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീയെ അമേരിക്കന്‍ വിമാനത്തില്‍ താജിക്കിസ്ഥാനിലെത്തിച്ചു. ഇവിടെനിന്ന് പ്രത്യേക വിമാനത്തില്‍ ന്യൂദല്‍ഹിയിലേക്ക് കൊണ്ടുവരും.
അഫ്ഗാനിസ്ഥാനിലെ സ്‌പെഷല്‍ സ്കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന കാസര്‍കോട് സ്വദേശി സിസ്റ്റര്‍ തെരേസ് ക്രാസ്തയാണ് താജിക്കിസ്ഥാനില്‍ എത്തിയത്. അമേരിക്കന്‍ യുദ്ധ വിമാനത്തിലാണ് ഇവരെത്തിയത്.
കാബൂളിലെ ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള പി.ബി.കെ. ഇറ്റാലിയാന പകല്‍ പരിപാലന കേന്ദ്രത്തില്‍ അധ്യാപികയാണ് സിസ്റ്റര്‍.
നെല്ലിയാടി ആശ്രമം സുപ്പീരിയറായിരിക്കെ 2017ലാണ് അവര്‍ പോപ്പിന്റെ നിയന്ത്രണത്തില്‍ അഫ്ഗാനിസ്ഥാനിലുള്ള സ്ഥാപനത്തിലെ ജോലി തെരഞ്ഞെടുത്തത്.






