അമേരിക്കയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ് നല്‍കി

വാഷിംഗ്ടണ്‍- അമേരിക്കയില്‍ അലാസ്‌ക തീരത്ത് വന്‍ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കോഡിയാക് പട്ടണത്തിന്റെ തെക്കുകിഴക്കായാണ് റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനം. ആദ്യം 8.2 ആണ് യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
സമുദ്രനിരപ്പില്‍നിന്ന് പത്ത് കി.മീ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. അലാസ്‌കയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലും കാനഡയുടെ പടിഞ്ഞാറന്‍ തീരത്തുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. കാലിഫോര്‍ണിയ, ഓറിഗോണ്‍, വാഷിംഗ്ടണ്‍ സ്‌റ്റേറ്റിന്റെ ചില ഭാഗങ്ങള്‍, ഹവായി എന്നീ പ്രദേശങ്ങളും സുനാമി നിരീക്ഷണത്തിലാണ്. വാഷിംഗ്ടണ്‍ , ഓറിഗോണ്‍ തീരങ്ങളില്‍ സുനാമി തിരമാലകളുണ്ടാകുമെന്നാണ് ദേശീയ കാലവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കു വിശകലനങ്ങള്‍ക്ക് ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്യാം.

ദീര്‍ഘനേരം നിലനിന്ന ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപാമയമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീരപ്രദേശത്തെ ദ്വീപിലുള്ള കോഡിയാക്കില്‍ വലിയ തിരമാലകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് വക്താവ് ടിം പുട്്‌നി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പലയിടത്തും ആളുകള്‍ സമുദ്രത്തില്‍ കണ്ണുനട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സുനമി മുന്നറിയിപ്പ് പിന്‍വലിക്കാത്തതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. തീരങ്ങളിലുള്ളവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് എമര്‍ജന്‍സി മാനേജ്‌മെന്റ് ഓഫീസ് അഭ്യര്‍ഥിച്ചു.

 

 

Latest News