കാബൂള്‍- താലിബാനെതിരായ ചെറുത്തുനില്‍പിന്റെ പ്രതീകമായ പഞ്ച്ഷീര്‍ താഴ്വര പിടിച്ചെടുക്കാന്‍ താലിബാന്‍ പടയൊരുക്കം തുടങ്ങി. താലിബാന്‍ പഞ്ച്ഷീറിന്റെ കവാടത്തിലെത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം ശക്തമായ ചെറുത്തുനില്‍പിന് ഒരുങ്ങുകയാണ് പഞ്ച്ഷീര്‍.
താലിബാന് കീഴടങ്ങില്ലെന്നും അവസാന നിമിഷം വരെ പൊരുതുമെന്നും പഞ്ച്ഷീര്‍ താഴ്‌വരയിലെ അഫ്ഗാന്‍ നേതാവും അഹമ്മദ് ഷാ മസൂദിന്റെ മകനുമായ അഹമ്മദ് മസൂദ് നടത്തിയ പ്രഖ്യാപനം യുദ്ധകാഹളം പോലെയാണ് അനുഭവപ്പെടുന്നത്. ചര്‍ച്ചകളിലൂടെ എല്ലാവര്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ രൂപീകരിക്കുക മാത്രമാണ് അഫ്ഗാന്‍ പ്രതിസന്ധിക്ക് പരിഹാരമെന്ന മസൂദിന്റെ നിലപാട് താലിബാന്‍ ഉള്‍ക്കൊണ്ടില്ലെങ്കില്‍ അഫ്ഗാന്‍ കലുഷിതമാകും. കീഴടങ്ങാന്‍ തയാറല്ലെന്നും പഞ്ച്ശീറിലേക്ക് കടക്കാന്‍ താലിബാന്‍ ശ്രമിച്ചാല്‍ യുദ്ധം ഉറപ്പാണെന്നും മസൂദ് പറയുന്നു. എണ്‍പതുകളില്‍ അഫ്ഗാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ പൊരുതിയ യുദ്ധനായകനാണ് അഹമ്മദ് ഷാ മസൂദ്.
താലിബാന്‍ എത്തിയതോടെ നാടിനെ രക്ഷിക്കാന്‍ കുട്ടികള്‍ ഉള്‍പ്പടെ ആയുധവുമെടുത്ത് തെരുവിലിറങ്ങി. നിറതോക്കുമായി തെരുവിലൂടെ നടക്കുന്ന കുട്ടികളുടെ നിരവധി ചിത്രങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടത്. താലിബാനെ ചെറുക്കാന്‍ തങ്ങളുടെ ജീവന്‍ നല്‍കാന്‍ പോലും താഴ് വരയിലുള്ളവര്‍ക്ക് മടിയില്ല.
പഞ്ച്ഷീര്‍ ലക്ഷ്യമാക്കി ആയിരക്കണക്കിന് താലിബാന്‍ ഭീകരര്‍ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. താഴ്വരയുടെ അധികാരം സമാധാനപരമായി വിട്ടുകൊടുക്കാന്‍ തയാറാവാത്തതിനാലാണ് ഈ തീരുമാനമെന്നും വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം താലിബാന്‍ ഇവര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു.
അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലേയാണ് താലിബാനെതിരെയുള്ള പോരാട്ടം നയിക്കുന്നത്.






