കാബൂൾ- അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വിമാനതാവളത്തിൽ അജ്ഞാതൻ നടത്തിയ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പാശ്ചാത്യ സുരക്ഷ സൈനികരും അജ്ഞാത സംഘവും തമ്മിലാണ് വെടിവെയ്പ്പുണ്ടായത്. അഫ്ഗാൻ താലിബാൻ ഭരണത്തിന് കീഴിലായത് മുതൽ രാജ്യത്ത്‌നിന്ന് രക്ഷപ്പെടാൻ ആയിരകണക്കിനാളുകളാണ് വിമാനതാവളത്തിൽ തടിച്ചുകൂടിയിരിക്കുന്നത്. അഫ്ഗാൻ സുരക്ഷ സൈനികനാണ് കൊല്ലപ്പെട്ടത്. മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനതാവളത്തിന്റെ വടക്കുഭാഗത്തെ ഗെയ്റ്റിലാണ് വെടിവെയ്പ്പുണ്ടായത്. അഫ്ഗാനിൽനിന്ന് സഖ്യസൈന്യം പിൻവാങ്ങുന്ന തിയതി അടുത്തുവരുന്നതോടെ നിരവധി പേരാണ് വിമാനതാവളത്തിൽ എത്തുന്നത്. നിലവിൽ ഒഴിപ്പിക്കൽ സുഗമമാക്കാൻ അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് കാബൂൾ വിമാനതാവളം.