നികുതി സൈറ്റിലെ പ്രശ്‌നങ്ങള്‍ തീരുന്നില്ല; ഇന്‍ഫോസിസ് മേധാവിയെ ധനമന്ത്രാലയം വിളിപ്പിച്ചു

ന്യൂദല്‍ഹി- ആദായ നികുതി വകുപ്പിന്റെ പുതിയ ഇ-ഫലയിങ് വെബ്‌സൈറ്റിലെ സാങ്കേതിക തകരാറുകള്‍ക്ക് പരിഹാരമാകാത്തതിനെ തുടര്‍ന്ന് സൈറ്റ് നിര്‍മ്മിച്ച ഇന്ത്യന്‍ ബഹുരാഷ്ട്ര സോഫ്റ്റ് വെയര്‍ കമ്പനിയായ ഇന്‍ഫോസിസ് എംഡിയും സിഇഒയുമായ സലില്‍ പരേഖിനെ ധനമന്ത്രാലയ വിളിപ്പിച്ചു. ഈ പ്രശ്‌നത്തില്‍ നേരത്തെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വലിയ കൊട്ടിഘോഷത്തോടെ രണ്ടര മാസം മുമ്പ് അവതരിപ്പിച്ച വെബ്‌സൈറ്റില്‍ തുടക്കം മുതല്‍ പ്രശ്‌നങ്ങളാണ്. ഇതു സംബന്ധിച്ച് വിശദീകരണം നല്‍കാനാണ് സലില്‍ പരേഖിനേയും സീനിയര്‍ എക്‌സിക്യൂട്ടീവ് പ്രവീണ്‍ റാവുവിനെയും സര്‍ക്കാര്‍ നേരിട്ട് വിളിച്ചു വരുത്തിയത്. തിങ്കളാഴ്ച ഹാജരാകണമെന്നാണ് അറിയിപ്പ്. ശനിയാഴ്ച മുതല്‍ സൈറ്റ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമായിരിക്കുകയാണെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. 

ഇന്‍ഫോസിസ് രൂപകല്‍പ്പന ചെയ്ത വെബ്‌സൈറ്റ് ജൂണ്‍ ഏഴിനാണ് പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചത്. അന്നു മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. സൈറ്റിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് സ്‌ക്രീന്‍ഷോട്ട് അടക്കം ധനമന്ത്രിയെ ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പരാതിപ്പെട്ടത്. പരാതി പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇന്‍ഫോസിസിനോട് പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇന്‍ഫോസിസ് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി നേരിട്ടായിരുന്നു ധനമന്ത്രിക്ക് ആഴ്ചകള്‍ തോറും ഇതുവരെ മറുപടികള്‍ നല്‍കി വന്നിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങളില്‍ ഖേദം പ്രകടിപ്പിച്ച നിലേക്കനി ദിവസങ്ങള്‍ക്കം പ്രശ്‌നം പരിഹരിക്കുമെന്നും പറഞ്ഞിരുന്നു.

Latest News