ന്യൂദൽഹി-ഏഴു ദിവസം നീളുന്ന ഇന്ത്യാ സന്ദർശനത്തിനായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ ഫെബ്രുവരി 17ന് എത്തും. അഞ്ചു നഗരങ്ങൾ സന്ദർശിക്കുന്ന ട്രൂഡോയ്‌ക്കൊപ്പം കാനഡയിൽ നിന്നുള്ള മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും വ്യവസായ പ്രമുഖരും അടങ്ങുന്ന വൻ സംഘവുമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം സ്വീകരിച്ചെത്തുന്ന ട്രൂഡോ ദൽഹി കൂടാതെ അഹമ്മദാബാദ്, അമൃത്‌സർ, ആഗ്ര, മുംബൈ എന്നീ നഗരങ്ങളിലും വിവിധ പരിപാടികളിൽ പങ്കെടുക്കും.
ഇന്ത്യൻ വംശജനായ കനേഡിയൻ സാമ്പത്തിക വികസന കാര്യ മന്ത്രി നവദീപ് ബൈൻസ്, ആഗോള വ്യാപാര മന്ത്രി ഫ്രാങ്കോ ഫിലിപെ ഷാംപെയ്ൻ എന്നിവരും ഇന്ത്യൻ വംശജരായ ഒരു ഡസനോളം കനേഡിയൻ പാർലമെന്റ് അംഗങ്ങളും ട്രൂഡോയ്‌ക്കൊപ്പം വരുന്നുണ്ട്. അഹമദാബാദിലെ സ്വാമിനാരായൺ അക്ഷർധാം, ആഗ്രയിലെ താജ്മഹൽ, അമൃത്‌സറിലെ സുവർണ ക്ഷേത്രം എന്നിവയും ട്രൂഡോ സന്ദർശിക്കും. കാനഡയിലെ സിഖ്, ഗുജറാത്തി വംശജരുടെ പ്രാധാന്യം പ്രകടമാക്കുന്നതാകും ഈ സന്ദർശനം.