Sorry, you need to enable JavaScript to visit this website.

'ക്ഷമ നശിച്ചാല്‍ പിന്നെ നിങ്ങളെ ഇവിടെ കാണില്ല'; അഫ്ഗാനിലേക്ക് ചൂണ്ടി കേന്ദ്രത്തിന് മെഹബൂബയുടെ മുന്നറിയിപ്പ്

ശ്രീനഗര്‍- അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി. അഫ്ഗാനില്‍ നിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പാഠം ഉള്‍ക്കൊള്ളണമെന്നും ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ക്ഷമ നശിച്ചാല്‍ പിന്നെ നിങ്ങളെ (കേന്ദ്ര സര്‍ക്കാരിനെ) ഇവിടെ കാണില്ലെന്നും അവര്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ ഒരു പൊതുറാലിയില്‍ സംസാരിക്കവെ മെഹബൂബ അഫ്ഗാനിലെ താലിബാനും മുന്നറിയിപ്പു നല്‍കി. തോക്കിന്റെ പങ്ക് അവസാനിച്ചിരിക്കുന്നുവെന്നാണ് താലിബാനെ ലാക്കാക്കി അവര്‍ പറഞ്ഞത്. 

'ക്ഷമയ്ക്ക് ധൈര്യം ആവശ്യമാണ്. അതാണ് ജമ്മുകശ്മീരിലെ ജനത കാണിക്കുന്നത്. അത് നഷ്ടപ്പെടുന്ന ദിവസം നിങ്ങള്‍ക്കിവിടെ നില്‍ക്കാനാവില്ല, നിങ്ങള്‍ അപ്രത്യക്ഷമാകും. ഞാന്‍ നിങ്ങളോട് വീണ്ടും വീണ്ടും പറയുകയാണ്, ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. കാര്യം മനസ്സിലാക്കി തിരുത്തുക'- മെഹബൂബ പറഞ്ഞു.

അഫ്ഗാനിസ്ഥാനെ താലിബാന്‍ പിടിച്ചടക്കിയതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കശ്മീര്‍ പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ ഒരു പരിഹാരം കാണണമെന്നും അവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 'അയല്‍പ്പക്കത്ത് എന്താണ് സംഭവിച്ചതെന്ന് നോക്കൂ. അമേരിക്ക പോലുള്ള ഒരു വന്‍ശക്തിക്ക് കിടക്ക മടക്കി തിരിച്ചു പോകേണ്ടി വന്നു. നിങ്ങള്‍ക്ക് ഇനിയും അവസരമുണ്ടെന്നും മെഹബൂബ പറഞ്ഞു. ജമ്മു കശ്മീരിനേയും പാക്കിസ്ഥാനേയും ഉള്‍പ്പെടുത്തി മുന്‍ പ്രധാനമന്ത്രി വാജ്‌പേയി ചര്‍ച്ച തുടങ്ങിവച്ചതു പോലെ കേന്ദ്ര സര്‍ക്കാരും ചര്‍ച്ച തുടങ്ങണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
 

Latest News