ഇരട്ടപ്പദവി: 116 ബി.ജെ.പി എം.എൽ.എമാർക്കെതിരെ ആം ആദ്മി 

ന്യൂദൽഹി- ഇരട്ടപ്പദവി വഹിച്ചതിനെ തുടർന്ന് ദൽഹിയിൽ 20 എം.എൽ.എമാരെ നഷ്ടമായ ആം ആദ്മി പാർട്ടി ഇതേ വിഷയം ഉന്നയിച്ച് ബി.ജെ.പി എം.എൽ.എമാർക്കെതിരെ രംഗത്തെത്തി. മധ്യപ്രദേശിൽ ഇരട്ടപ്പദവി വഹിക്കുന്ന 116  ബി.ജെ.പി എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാണ് ആം ആദ്മിയുടെ ആവശ്യം. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒന്നര വർഷം മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന്  ആം ആദ്മി പാർട്ടി മധ്യപ്രദേശ് കൺവീനർ അലോക് അഗർവാൾ പറഞ്ഞു. 

മുൻപരാതിയിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഒരു നടപടിയും കൈകൊള്ളാത്ത സാഹചര്യത്തിൽ വിഷയം പുതുതായി ചുമതലയേറ്റ് മധ്യപ്രദേശ് ഗവർണറുടെ ശ്രദ്ധയിലും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇരട്ടപ്പദവിയിലൂടെ മറ്റാരേക്കാളും ലാഭമുണ്ടാക്കുന്ന രണ്ട് ബി.ജെ.പി എം.എൽ.എമാരുടെ പേരും അദ്ദേഹം പരാമർശിച്ചു. പരസ് ജെയ്ൻ, ദീപക് ജോഷി എന്നീ എംഎൽഎമാരാണവർ.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒരു നിയമവും മറ്റു പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് മറ്റൊരു നിയമമാണെന്നും അഗർവാൾ ആരോപിച്ചു. ബി.ജെ.പിക്ക് അഴിമതി നടത്താൻ ഒരിടത്തെ നിയമം സഹായിക്കുമ്പോൾ ബി.ജെ.പിക്കാരുടെ അഴിമതി തടയാൻ ശ്രമിക്കുന്ന എ.എ.പി നേതാക്കൾക്ക് മറ്റൊരു നിയമമാണുള്ളത്, അദ്ദേഹം പറഞ്ഞു.
 

Latest News