തമിഴ്‌നാട്ടില്‍ വെട്ടിക്കുറച്ച ലോക്‌സഭാ സീറ്റുകള്‍ പുനസ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

ചെന്നൈ- ലോക്‌സഭയില്‍ 1962 മുതല്‍ തമിഴ്‌നാടിന്റെ രാഷ്ട്രീയ പ്രാതിനിധ്യം വെട്ടിക്കുറച്ചത് അനീതിയാണെന്ന് മദ്രാസ് ഹൈക്കോടതി. സംസ്ഥാനം ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടത്തിയതിനെ തുടര്‍ന്നാണ് 1962നും ശേഷം രണ്ട് ലോക്‌സഭാ സീറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ആന്ധ്ര പ്രദേശിലും രണ്ടു സീറ്റുകള്‍ വെട്ടിക്കുറച്ചു. എന്നാല്‍ ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്ക് എന്തു കൊണ്ട് പാര്‍ലമെന്റില്‍ കൂടുതല്‍ പ്രാതിനിധ്യത്തിന്റെ ആനുകൂല്യം നല്‍കുന്നത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. 

ഈ സംസ്ഥാനങ്ങള്‍ക്ക് അധിക രാജ്യസഭാ സീറ്റുകള്‍ അനുവദിച്ചുകൂടാ? ഈ സംസ്ഥാനങ്ങളില്‍ വെട്ടിക്കുറച്ച ലോക്‌സഭാ സീറ്റുകള്‍ പുനസ്ഥാപിക്കുകയോ അല്ലെങ്കില്‍ സാമ്പത്തികമായി നഷ്ടപരിഹാരം നല്‍കുകയോ ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ എന്‍ കിരുബാകരന്‍, ബി പുഗലേന്ദി എന്നിവരടങ്ങുന്ന ബെഞ്ച്് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 17നാണ് ഈ വിധി. ജസ്റ്റിസ് കരുബാകരന്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വിരമിച്ചു.

1962 വരെ തമിഴ്‌നാട്ടില്‍ 41 ലോക്‌സഭാ സീറ്റുകളാണ് ഉണ്ടായിരുന്നത്. സംസ്ഥാനം ജനസംഖ്യാ വളര്‍ച്ച വിജയകരമായി നിയന്ത്രിച്ചതോടെ 1967 ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി രണ്ട് സീറ്റുകള്‍ വെട്ടിക്കുറച്ച് 39 സീറ്റുകളാക്കുകയായിരുന്നു.

പ്രാതിനിധ്യക്കുറവിന് നഷ്ടപരിഹാരമായി 5600 കോടി രൂപ തമിഴ്‌നാടിന് ലഭിക്കേണ്ടതുണ്ട്. ഇത് സാമ്പത്തികമായി നിശ്ചയിക്കാനാകില്ലെങ്കിലും, ദേശീയ തലത്തില്‍ ഒരു പാര്‍ലമെന്റ് അംഗത്തിലൂടെ സംസ്ഥാനത്തിന് അഞ്ചു വര്‍ഷത്തിനിടെ ചുരുങ്ങിയത് 200 കോടി രൂപ വരെ ലഭിക്കുമെന്ന് കണക്കാക്കാം. ഇതു പരിഗണിക്കുകയാണെങ്കില്‍ രണ്ടു സീറ്റുകളുടെ കുറവിന് 14 തെരഞ്ഞെടുപ്പുകളിലായി 28 സീറ്റുകള്‍ക്കുള്ള നഷ്ടപരിഹാരമായി ഏകദേശം 5600 കോടി രൂപ നഷ്ടപരിഹാരത്തുക വരും- ബെഞ്ച് ചൂണ്ടിക്കാട്ടി. 

തമിഴ്‌നാട്ടിന്റേയും ആന്ധ്രയുടേയും കാര്യത്തില്‍ ജനസംഖ്യയിലെ മാറ്റം പരിഗണിക്കാതെ മുന്‍ ലോക്‌സഭാ സീറ്റുകള്‍ പുനസ്ഥാപിക്കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 81 ഭേദഗതി വരുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ കേസ് നാലാഴ്ച്ചയ്ക്കുള്ളില്‍ വീണ്ടും പരിഗണക്കും. 

Latest News