തിരുവനന്തപുരം- തലസ്ഥാന ജില്ലയിൽ ആരംഭിച്ച ഡ്രൈവ് ത്രൂ വാക്‌സിനേഷൻ ഓണത്തിന് ശേഷം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ ആലോചന. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്ററിലൂടെ വാഹനത്തിലിരുന്ന് വാക്‌സിൻ സ്വീകരിക്കാം എന്നതാണ് പ്രത്യേകത.
തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ഡ്രൈവ് ത്രൂ വാക്‌സിൻ വിജയകരമായ സ്ഥിതിക്കാണ് കൂടുതൽ ജില്ലയിലേക്ക് വ്യാപിപ്പിക്കുന്നത്. ഓണത്തിന് ശേഷം രോഗികളുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. വാക്‌സിനേഷൻ സെന്ററിലേക്ക് വരുന്ന വാഹനത്തിൽ തന്നെ ഇരുന്ന് രജിസ്റ്റർ ചെയ്യാനും വാക്‌സിൻ സ്വീകരിക്കാനും ഒബ്‌സർവേഷൻ പൂർത്തിയാക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ മെച്ചം. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ആവശ്യമായ വൈദ്യ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ഗവ. വിമൺസ് കോളേജിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ കേന്ദ്രം കഴിഞ്ഞ ദിവസം മന്ത്രി വീണാജോർജ്ജ് സന്ദർശിച്ചിരുന്നു. ഈ ഡ്രൈവ് വിജയകരമാണെന്ന് കണ്ടാൽ കൂടുതൽ ജില്ലകളിൽ ആരംഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. സെപ്റ്റംബർ അവസാനത്തോടെ 18 വയസ്സിന് മുകളിൽ പ്രായമുള്ള അർഹരായ എല്ലാവർക്കും വാക്‌സിൻ നൽകാനാണ് സംസ്ഥാനം സർക്കാർ ലക്ഷ്യമിടുന്നത്. 18 വയസ്സിന് മുകളിൽ പ്രായമുള്ള 52 ശതമാനത്തിന് മുകളിൽ ഒന്നാം ഡോസും 19 ശതമാനത്തിന് മുകളിൽ രണ്ടാം ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.
കുട്ടികൾക്കുള്ള വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണ്. കേന്ദ്രം അനുമതി നൽകുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പരമാവധി പരിശോധന നടത്തി രോഗികളെ കണ്ടെത്താൻ സംസ്ഥാനം ശ്രമിക്കുന്നതിനാലാണ് ടി.പി.ആർ കൂടി നിൽക്കുന്നത്. കേരളത്തിൽ രോഗബാധയുള്ള ആറിലൊരാളെ പരിശോധനയിലൂടെ കണ്ടെത്തുമ്പോൾ ദേശീയ തലത്തിൽ അത് 33 ൽ ഒരാളെ മാത്രമാണ്.
കൂടുതൽ ആളുകളിലേക്ക് വാക്‌സിൻ എത്തിക്കുന്നതിന് ഡ്രൈവ് ത്രൂ വാക്‌സിനേഷൻ ഫലപ്രദമാകുന്നുവെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടി നിൽക്കുന്നസാഹചര്യത്തിൽ ഓണക്കാലത്ത് രോഗവ്യാപനമുണ്ടാകുമെയെന്നാശങ്കയുമുണ്ട്. ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.