ഇന്ത്യയെന്നാല്‍ ബസിനസ്; രാജ്യത്തെ അവസരങ്ങള്‍ തുറന്നു കാട്ടി മോഡി

ദാവോസ്-  ഇന്ത്യയെന്നാല്‍ ബിസിനസാണെന്നും ആഗോള വ്യവസായത്തിനു ധാരാളം അവസരങ്ങൾ ഇന്ത്യ തുറന്നിട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.  ലോക സാമ്പത്തിക ഉച്ചകോടിക്കായി സ്വിറ്റ്സർലൻഡിലെത്തിയ മോഡി സി.ഇ.ഒമാരും വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു.  അന്താരാഷ്ട്ര കമ്പനികളുടെ 40 സി.ഇ.ഒമാരും ഇന്ത്യയില്‍നിന്നുള്ള 20 സി.ഇ.ഒമാരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. ഇന്ത്യയുടെ വളർച്ചാ പടവുകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ മോഡി വിശദീകരിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. 

വിവിധ രാജ്യങ്ങളില്‍നിന്നായി മൂവായിരത്തിലധികം പ്രതിനിധികളാണ് ഇത്തവണ ദാവോസിലെത്തിയത്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഉള്‍പ്പെടെ നൂറിലധികം വരുന്ന വ്യവസായികളുടെ വന്‍ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസും ചന്ദ്രബാബു നായിഡുവും കേന്ദ്രമന്ത്രിമാരും മോഡിയെ അനുഗമിക്കുന്നുണ്ട്. 

ലോകസാമ്പത്തിക ഉച്ചകോടിയുടെ പ്ലീനറി സമ്മേളനം പ്രധാനമന്ത്രി മോഡി ഇന്ന് ഉദ്ഘാടനം ചെയ്യും. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു എന്നിവർ ഉള്‍പ്പെടെ എഴുപതോളം ലോകനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

 

Latest News