തിരുവോണ ദിനത്തില്‍ തൃശൂരില്‍ രണ്ട് കൊലപാതകങ്ങള്‍

തൃശൂര്‍- തിരുവോണ ദിനത്തില്‍ തൃശൂരില്‍് രണ്ട് കൊലപാതകങ്ങള്‍. ഇരിങ്ങാലക്കുടയിലുണ്ടായ കൊലപാതകം വാടകയെ ചൊല്ലിയായിരുന്നു. വീട്ടുടമയുടെയും സംഘത്തിന്റെയും വീട് കയറിയുളള ആക്രമണത്തില്‍ മനപ്പടി ശശീന്ദ്രന്റെ മകന്‍ സൂരജ് മരിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വീട്ടുടമസ്ഥനും വീട് വാടക്ക്കെടുത്ത ശശീന്ദ്രനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വീട്ടുടമ ബലമായി വീടൊഴിപ്പിക്കാനെത്തിയതോടെ ശശീന്ദ്രനും കുടുംബത്തിനും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ സൂരജ് മരണമടഞ്ഞു, ഗുരുതരമായി പരിക്കേറ്റ ശശീന്ദ്രന്‍ ചികിത്സയിലാണ്. പ്രതികളെ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. സ്വരൂപ് എന്നൊരാളും മര്‍ദ്ദനമേറ്റ് ചികിത്സയിലാണ്.

മറ്റൊരിടത്ത് കൊല നടന്നത് മദ്യപാനത്തിനൊടുവിലാണ്. ചെന്ദ്രാപ്പിന്നി സ്വദേശി സുരേഷ്(52) ബന്ധു അനൂപിന്റെ കുത്തേറ്റ് മരിച്ചു. ഇവര്‍ തമ്മില്‍ മുന്‍പും തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ വീട്ടിലേക്ക് സുരേഷിനെ ക്ഷണിച്ചുവരുത്തിയ അനൂപ് ഇയാളുമൊത്ത് മദ്യപിച്ചു. മദ്യപാനത്തിനിടെ തര്‍ക്കമുണ്ടാകുകയും അനൂപ് കത്തിയെടുത്ത് സുരേഷിന്റെ കഴുത്തില്‍ നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്.

 

Latest News