Sorry, you need to enable JavaScript to visit this website.

ഭാര്യ മരിച്ചിട്ടും ചാരിറ്റി തട്ടിപ്പുമായി സുഖ ജീവിതം നയിച്ച്  യുവാവ്; പരാതിയുമായി യുവതിയുടെ അച്ഛന്‍

കോട്ടയം- ഗര്‍ഭിണിയായ ഭാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍, കൈയില്‍ ആവശ്യത്തിന് പണമുണ്ടായിരുന്നിട്ടും സാമൂഹികമാധ്യമത്തിലൂടെ ലക്ഷങ്ങള്‍ പിരിച്ചു. ഭാര്യ മരിച്ചപ്പോള്‍ ആശുപത്രിക്കാരെ പറഞ്ഞുപറ്റിച്ച് മുഴുവന്‍ തുകയും നല്‍കാതെ മൃതദേഹം കൊണ്ടുപോയി. മരണവിവരം അറിയാതെ, വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിക്കുന്ന പഴയ പോസ്റ്റുകള്‍ കണ്ട് ആളുകള്‍ ഇപ്പോഴും അക്കൗണ്ടിലേക്കിടുന്ന പണം ഉപയോഗിച്ച് യുവാവ് സുഖമായി ജീവിക്കുന്നു. ഈ ചാരിറ്റി തട്ടിപ്പിനെതിരേ, മരിച്ച യുവതിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി.
തിരുവല്ല സ്വദേശിനിയായ 30കാരിയെ കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് മേയിലാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് നെഗറ്റീവായെങ്കിലും ഗര്‍ഭസ്ഥശിശു മരിച്ചു. ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് ജൂണ്‍ 24ന് യുവതിയും മരിച്ചു.
ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് സാമൂഹികമാധ്യമത്തിലൂടെ ചികിത്സാസഹായം തേടി സന്ദേശമിട്ടു. 35 ലക്ഷത്തിലധികം രൂപ അക്കൗണ്ടിലേക്ക് ലഭിച്ചു. ആശുപത്രിയില്‍ 26 ലക്ഷം രൂപയുടെ ബില്ലായി. ഏഴുലക്ഷം രൂപയോളം ബാക്കി അടയ്ക്കാനുണ്ടായിരുന്നിട്ടും യുവാവിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ആശുപത്രിക്കാര്‍ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിച്ചു.
എന്നാല്‍, ചികിത്സാസഹായത്തിനായി പ്രചാരണം നടത്തിയത് താനറിയാതെയാണെന്നും ഇരുകുടുംബങ്ങളും സാമ്പത്തികമായി നല്ല നിലയിലായതിനാല്‍ അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും മരിച്ച യുവതിയുടെ അച്ഛന്‍ പരാതിയില്‍ പറയുന്നു. നാല് ലക്ഷത്തോളും രൂപ തന്റെ കൈയില്‍നിന്ന് വാങ്ങിയിരുന്നു. എത്ര തുക വേണമെങ്കിലും തരാമെന്ന് താന്‍ പറയുകയും ചെയ്തു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം കൈയില്‍നിന്ന് ചികിത്സയ്ക്ക് യുവാവ് പണം വാങ്ങിയെന്നും പരാതിയിലുണ്ട്.
യുവതിയുടെ വീട്ടില്‍വെച്ചായിരുന്നു മരണാനന്തര ചടങ്ങുകള്‍. ചടങ്ങുകള്‍ക്കുശേഷം മരുമകന്‍ തങ്ങളുടെ വീട്ടിലേക്ക് വന്നിട്ടില്ല. മകളുടെ കൈവശമുണ്ടായിരുന്ന 50 പവനോളം സ്വര്‍ണവും മടക്കിനല്‍കിയിട്ടില്ല. യുവതി മരിച്ചതറിയാതെ, പഴയ ഫേസ്ബുക്ക്, വാട്സാപ്പ് സന്ദേശങ്ങള്‍ കണ്ട് ആളുകള്‍ ഇപ്പോഴും പണം ഇടുന്നുമുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവല്ല ഡിവൈ.എസ്.പി.ക്കാണ് ഓഗസ്റ്റ് 18ന് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുള്ളത്.പരാതിയെത്തുടര്‍ന്ന് യുവാവ് ആശുപത്രിയിലെത്തി ബാക്കി തുകകൂടി അടച്ചു. പരാതിയില്‍ പറയുന്ന സ്വര്‍ണം പണയംവെച്ചപ്പോള്‍ ലഭിച്ച പണമാണ് ഇതിന് ഉപയോഗിച്ചതെന്നാണ് സൂചന.

Latest News