സൗദിയിൽ സ്‌കൂളുകൾ തുറക്കുന്നു, ഇക്കാര്യം ശ്രദ്ധിക്കുക

റിയാദ് - പുതിയ അധ്യയന വർഷത്തിൽ സാധാരണ നിലയിൽ സ്‌കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കുന്നതോടെ വിദ്യാലയങ്ങളിലും സ്‌കൂൾ ബസുകളിലും പാലിക്കേണ്ട മുൻകരുതൽ, പ്രതിരോധ നടപടികൾ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാർഥികൾക്കിടയിൽ ഒന്നര മീറ്ററിൽ കുറയാത്ത അകലം ഉറപ്പുവരുത്തുന്ന നിലക്ക് ക്ലാസുകൾ പുനഃക്രമീകരിക്കണമെന്ന് നിർദേശമുണ്ട്. ടേബിളുകളും കസേരകളും മുഖത്തോടുമുഖമായിരിക്കരുത്. സാധ്യമെങ്കിൽ ടേബിളുകളിൽ സ്‌ക്രീനുകൾ (ബാരിയറുകൾ) സ്ഥാപിക്കണം. ക്ലാസുകളിൽ വിദ്യാർഥികളുടെ എണ്ണം കുറക്കാൻ ലാബുകളും മറ്റു സൗകര്യങ്ങളും ക്ലാസുകളാക്കി മാറ്റാൻ പ്രയോജനപ്പെടുത്തണമെന്നും നിർദേശമുണ്ട്. 
സ്‌കൂൾ ബസുകളിൽ ആദ്യ നിര സീറ്റുകൾ ഒഴിച്ചിടണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. യാത്രയിൽ ഉടനീളം വിദ്യാർഥികൾ ഒരേ സീറ്റിൽ ഇരിക്കണം. യാത്രയിൽ ഉടനീളം വിദ്യാർഥികളുടെ എണ്ണം ബസുകളിലെ സീറ്റ് ശേഷിയുടെ 50 ശതമാനത്തിൽ കവിയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ബസുകളിൽ കയറാൻ കാത്തുനിൽക്കുമ്പോൾ വിദ്യാർഥികൾക്കിടയിൽ ചുരുങ്ങിയത് ഒന്നര മീറ്റർ അകലം ഉറപ്പുവരുത്തണം. ഓരോ വിദ്യാർഥികൾക്കുമിടയിൽ ഒരു സീറ്റ് വീതം ഒഴിച്ചിടലും ഓരോ രണ്ടു നിര സീറ്റുകൾക്കുമിടയിൽ ഒരു നിര വീതം ഒഴിച്ചിടലും നിർബന്ധമാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
 

Latest News