കണ്ണൂര്‍- നവ മാധ്യമ സൗഹൃദത്തിന്റെ മറവില്‍ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരെ കെണിയില്‍പ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ കണ്ണൂരില്‍ സൈബര്‍ പോലീസ് നാല് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.
ആറളത്തിനടുത്ത് മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം കൂടിയായ വീട്ടമ്മയില്‍നിന്ന് 19 ലക്ഷവും, മട്ടന്നൂരിലെ യുവതിയില്‍നിന്ന് 12 ലക്ഷവും, കണ്ണവത്തെ യുവാവില്‍ നിന്ന് 11.5 ലക്ഷവും, ന്യൂ മാഹി സ്വദേശിയുടെ 70 ലക്ഷ വും തട്ടിയ കേസുകളിലാണ് അന്വേഷണം ആരംഭിച്ചത്.
ലണ്ടനിലെ ഡോ. ആദം ജെയിംസ് എന്ന് പരിചയപ്പെടുത്തി ഫേസ് ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചാണ് മട്ടന്നൂരിലെ യുവതിയില്‍നിന്ന്് പണം തട്ടിയത്. യുവതിക്കും മകള്‍ക്കും സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇവരെ വിശ്വസിപ്പിച്ചു. പിന്നീട് രണ്ട് ദിവസത്തിന് ശേഷം ദല്‍ഹി കസ്റ്റംസിലെ ഓഫീസറാണെന്ന് പരിചയപ്പെടുത്തി ഫോണ്‍ കോള്‍ വന്നു. നികുതിയായി 33,000 രൂപ അടക്കണമെന്നാവശ്യപ്പെട്ടു. ഈ തുക അയച്ചുകൊടുത്തു. അടുത്ത ദിവസം ഉന്നത ഉദ്യോഗസ്ഥന്നെന്ന് പരിചയപ്പെടുത്തി ഫോണ്‍ സന്ദേശമെത്തി. ഡയമണ്ടും സ്വര്‍ണ്ണവും അടങ്ങുന്നതാണ് പാക്കറ്റെന്നും, അധിക നികുതിയായി രണ്ടര ലക്ഷം രൂപ അടച്ചില്ലെങ്കില്‍ കോടികള്‍ വിലമതിക്കുന്ന സാധനങ്ങള്‍ തിരികെ അയക്കേണ്ടി വരുമെന്നും അറിയിച്ചു. സമ്മാനമയച്ച ആളെ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഈ തുക അയച്ചു. പിന്നീട് മറ്റൊരു ഫോണ്‍ കോള്‍ വന്നു. നാട്ടിലെ വിമാനത്താവളത്തില്‍ സാധനമെത്തിയെന്നും ഇവിടെയും നികുതി അടക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനിടയില്‍ സമ്മാനമയച്ചുവെന്ന് പറഞ്ഞ സുഹൃത്ത് ഫോണില്‍ എത്തി, സമ്മാനമായച്ചത് ഇത്ര ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരുതിയില്ലെന്നും നികുതിയായി അടച്ച പണം താന്‍ നല്‍കാമെന്നും ഉറപ്പു നല്‍കിയതോടെ യുവതി ഈ തുക കൂടി അടച്ചു. എന്നാല്‍ സമ്മാനമോ, ഇത് അയച്ച ആളെയോ പിന്നീട് കണ്ടെത്താനായില്ല.
30 ലക്ഷം ഇന്ത്യന്‍ രൂപയും സ്വര്‍ണ്ണ വാച്ചും സമ്മാനമായി ലഭിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് കണ്ണവത്തെ വീട്ടമ്മയില്‍ നിന്നു പണം തട്ടിയത്. യു.കെ.യില്‍ നിന്ന് ആന്‍ഡ്രി മോഗന്‍ എന്നയാളാണ് സന്ദേശമയച്ചത്. നികുതിയിനത്തില്‍ 19, 23,000 രൂപ അടക്കണമെന്നായിരുന്നു സന്ദേശം. ഭര്‍ത്താവും മക്കളുമറിയാതെ വായ്പ വാങ്ങിയാണ് ഇവര്‍ പണം നല്‍കിയത്. കെണിയില്‍പെട്ടുവെന്ന് ബോധ്യമായതോടെയാണ് ഇവര്‍ പരാതിയുമായി എത്തിയത്.
അമേരിക്കയിലെ വനിതാ ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തി പ്രണയാഭ്യര്‍ഥനയിലൂടെയാണ് കണ്ണവത്തെ യുവാവിനെ വലയില്‍ വീഴ്ത്തിയത്. സമ്മാനമയച്ചുവെന്ന് വിശ്വസിപ്പിച്ചാണ് 11.5 ലക്ഷം തട്ടിയെടുത്തത്.
കോടികളുടെ ഉടമയായ ആള്‍ മരിച്ചു പോയെന്നും ഇയാളുടെ കോടികള്‍ വരുന്ന സ്വത്ത് കൈമാറ്റം ചെയ്യുമെന്നും വിശ്വസിപ്പിച്ചാണ് ന്യൂ മാഹി സ്വദേശിയായ യുവാവില്‍ നിന്നും 70 ലക്ഷം രൂപ തട്ടിയത്. സ്വത്ത് റജിസ്‌ട്രേഷനെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. സൈബര്‍ പോലീസ് സി.ഐ പി.കെ.മണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.