തിരുവനന്തപുരം- പീഡന കേസിൽ മന്ത്രി ശശീന്ദ്രൻ ഇടപെട്ടതിൽ തെറ്റില്ലെന്ന നിയമോപദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ നിഘണ്ടുവിൽ മാത്രമേ ഇത്തരത്തിലുള്ള വിചിത്ര വാദം ഉണ്ടാകുകയുള്ളൂ. സ്ത്രീപീഡന കേസ് ഒതുക്കി തീർക്കുന്നത് സ്ത്രീപീഡനത്തെ സഹായിക്കുന്നതിന് തുല്യമാണെന്ന് ചെന്നിത്തല പറഞ്ഞു.
പിണറായിയുടെ നിഘണ്ടുവിൽ സ്ത്രീപീഡനത്തെ ഒതുക്കി തീർക്കാൻ ശ്രമിച്ചാലും ആളിനെ കുറ്റവിമുക്തനാക്കുന്ന നടപടിയാണ് കാണുന്നത്. ഇത് അംഗീകരിക്കാനാകില്ല. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങൾ വർദ്ധിച്ചു വരികയാണ്. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന് പകരം അതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് മന്ത്രിയുടെ കേസ് ഒതുക്കിയത് വഴി വ്യക്തമാകുന്നത്. ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
ഓണക്കിറ്റ് വിതരണത്തിൽ സർക്കാരിന് പിഴവ് സംഭവിച്ചതായും ചെന്നിത്തല ആരോപിച്ചു. 25 ശതമാനം പേർക്ക് മാത്രമേ കിറ്റ് ലഭിച്ചിട്ടുള്ളുവെന്ന് നിയമസഭയിൽ താൻ സബ്‌മിഷനിലൂടെ പറഞ്ഞതായിരുന്നു. അന്ന് ഭക്ഷ്യമന്ത്രി എല്ലാവർക്കും ഓണത്തിന് മുൻപ് കിറ്റ് എത്തിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ ആ വാഗ്‌ദാനം നടപ്പാക്കിയില്ലെന്നും ചെന്നിത്തല പറഞ്ഞു.