എട്ടു വര്‍ഷം മുമ്പ് മരിച്ച കുട്ടിക്ക് 'രണ്ടാം ജന്മം', 13കാരന്റെ കഥ കേട്ട് ഞെട്ടി ഗ്രാമീണര്‍

മയിന്‍പുരി- ഉത്തര്‍ പ്രദേശിലെ മയിന്‍പുരി ജില്ലയില്‍ എട്ടു വര്‍ഷം മുമ്പ് കനാലില്‍ മുങ്ങിമരിച്ച 13കാരന്‍ 'ഉയിര്‍ത്തെഴുന്നേറ്റ്' വീണ്ടും വീട്ടില്‍ തിരിച്ചെത്തി. ബാലന്‍ പറയുന്ന കഥകള്‍ കേട്ട് അന്തംവിട്ടിരിക്കുകയാണ് വീട്ടുകാരും ഗ്രാമീണരും. നഗ്ല സലേഹി ഗ്രാമത്തിലെ പ്രമോദ് കുമാറിന്റെ  13 വയസ്സുള്ള മകന്‍ രോഹിത് കുമാര്‍ 2013 മേയ് നാലിനാണ് കനാലില്‍ മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം സമീപ ഗ്രാമത്തിലെ ചന്ദ്രവീര്‍ എന്ന ഛോട്ടുവാണ് താന്‍ രണ്ടാം ജന്മം നേടിയ രോഹിത് കുമാര്‍ ആണെന്നു പറഞ്ഞ് പ്രമോദ് കുമാറിന്റെ വീട്ടിലെത്തിയത്. നഗ്ല അമര്‍ സിങ് ഗ്രാമത്തിലെ റാംനരേഷ് ശങ്കവറിന്റെ മകനാണ് ചന്ദ്രവീര്‍. തനിക്ക് രണ്ടാം ജന്മമുണ്ടായെന്നും പ്രമോദും ഉഷാ ദേവിയുമാണ് തന്റെ മാതാപിതാക്കളെന്ന് തിരിച്ചറിഞ്ഞതായും ചന്ദ്രവീര്‍ അവകാശപ്പെട്ടു. വ്യാഴാഴ്ച ഇവരുടെ വീട്ടിലെത്തിയ ചന്ദ്രവീര്‍ തന്റെ മുന്‍ജന്മത്തിലെ രോഹിത് കുമാറിന്റെ കഥകള്‍ ഓരോന്നായി പറയാന്‍ തുടങ്ങി. സഹോദരിയേയും തിരിച്ചറിഞ്ഞു. ഇതു കേട്ട് അയല്‍ക്കാരുമെത്തി. എല്ലാവരേയും ത്രില്ലടിപ്പിച്ച് ചന്ദ്രവീര്‍ രോഹിതിന്റെ പഴയകാല സംഭവകഥകള്‍ പറഞ്ഞു കൊണ്ടിരുന്നു. ഇതിനിടെ എത്തിയ രോഹിതിന്റെ ഒരു അധ്യാപകനേയും ചന്ദ്രവീര്‍ തിരിച്ചറിഞ്ഞു. ആജ് തക് ടിവിയാണ് ഈ കഥ റിപോര്‍ട്ട് ചെയ്തത്.

തന്റെ മകന്‍ ചെറുപ്പം തൊട്ടേ രണ്ടാം ജന്മത്തെ കുറിച്ച് പറയുന്നുണ്ടെന്നും നഗ്ല സലേഹി ഗ്രാമത്തിലേക്ക് വരാന്‍ നിര്‍ബന്ധം പിടിച്ചിരുന്നതായും ചന്ദ്രവീറിന്റെ അച്ഛന്‍ ശങ്കവര്‍ പറയുന്നു. മകനെ നഷ്ടപ്പെടുമോ എന്നോര്‍ത്ത് ചന്ദ്രവീറിനെ നഗ്ല സലേഹിയിലേക്ക് കൊണ്ടു വന്നില്ല. എന്നാല്‍ മകന്റെ നിര്‍ബന്ധം കാരണം ഒടുവില്‍ ചന്ദ്രവീറിനെ പ്രമോദ് കുമാറിന്റെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു- അച്ഛന്‍ പറഞ്ഞു.
 

Tags

Latest News