ജിസാൻ- കഴിഞ്ഞ പെരുന്നാളിന് ബീശയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട്ട് പൂവാട്ടുപറമ്പ് മാങ്കുടി മുഹമ്മദ് ശാഫി (30) മരിച്ചു. പെരുന്നാൾ ഒഴിവിന് അബഹ സന്ദർശനത്തിന് പുറപ്പെട്ട അഞ്ചംഗ സംഘത്തിന്റെ വാഹനം ബീശയിൽ വെച്ച് അപകടത്തിൽ പെട്ട് മറിയുകയും തലയ്ക്ക് ഗുരുതര പരുക്കേറ്റ ശാഫിയെ ബീശ കിംഗ് അബ്ദുല്ല ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
എട്ട് വർഷമായി റിയാദിൽ മൾട്ടി ബ്രാന്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ശാഫി രണ്ട് വർഷം മുമ്പാണ് നാട്ടിൻ പോയി വന്നത്.
അവിവാഹിതനാണ്. മാങ്കുടി അബൂബക്കർ പൂവൻ പറമ്പ് ആയിശ ദമ്പതികളുടെ ഏക പുത്രനാണ്.
സഹോദരങ്ങൾ: നുസ്‌റത്ത് മൂഴിക്കൽ, ഫൗസിയ റിയാദ്, റാബിയ, സമീറ. സഹോദരി ഭർത്താക്കന്മാർ: സഹീർ മൂഴിക്കൽ, അബ്ദുൽ റഷീദ് (റിയാദ്), ഇബ്രാഹിം റിയാദ്, ഇല്യാസ് (ദമ്മാം). റിയദിലുള്ള സഹോദരി ഫൗസിയയും സഹോദരി ഭർത്താക്കന്മാരായ അബ്ദുൽ റഷീദും ഇബ്രാഹിമും ബന്ധു സിറാജ് നെല്ലാങ്കണ്ടിയും ബീശയിൽ എത്തിയിട്ടുണ്ട്. മൃതദേഹം ബീശയിൽ ഖബറടക്കാനുള്ള നടപടികൾ നടന്ന് വരുന്നു. പേപ്പർ വർക്കുമായി ജിദ്ദ കെ.എം.സി.സി സോഷ്യൽ വെൽഫെയർ മെമ്പർ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ബിഷ കെ എം സി സി പ്രസിഡന്റ് ഹംസ ഉമ്മർ താനാണ്ടി, ജാഷി കൊണ്ടോട്ടി, സത്താർ കുന്നപ്പള്ളി എന്നിവർ രംഗത്തുണ്ട്.