Sorry, you need to enable JavaScript to visit this website.

കോവിഡ് ഭീതിയില്‍ ദമ്പതികള്‍ ജീവനൊടുക്കി;  ഫലം വന്നപ്പോള്‍ നെഗറ്റീവ്

മംഗളൂരു- രാജ്യത്ത് പ്രതിദിന കൊവിഡ്19 കേസുകളുടെ എണ്ണത്തില്‍ ആശ്വാസം പകരുന്ന കണക്കുകളാണ് ലഭ്യമാകുന്നത്. കോവിഡിന്റെ മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കെ പുതിയ കേസുകള്‍ കുറയുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേട്ടമാണ്. പ്രതിരോധ കുത്തിവെപ്പ് വിജയകരമായി തുടരുന്നുണ്ടെങ്കിലും ആളുകളില്‍ നിന്നും ഭയം അകലുന്നില്ല. ഇത്തരത്തിലുള്ള സംഭവമാണ് കഴിഞ്ഞ ദിവസം മംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിക്കുമോ എന്ന ഭയം മൂലം ദമ്പതികള്‍ ജീവനൊടുക്കുകയായിരുന്നു.
മംഗളൂരുവിലെ സൂറത്ത്കല്‍ ബൈക്കംപടി ചിത്രാപുരം രഹേജ അപ്പാട്ടുമെന്റിലെ താമസക്കാരായ രമേഷ് സുവര്‍ണ (45), ഭാര്യ ഗുണ ആര്‍ സുവര്‍ണ (40) എന്നിവരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്നാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പോലീസ് വ്യക്തമാക്കി. ദമ്പതികളുടെ മരണത്തില്‍ സൂറത്ത്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2000ല്‍ വിവാഹിതരായ ഇവര്‍ക്ക് കുട്ടികളില്ല. കുട്ടികളില്ലാത്തതിന്റെ ദുഃഖം ദമ്പതികളെ അലട്ടിയിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്.
മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ എന്‍ ശശികുമാറിന് വാട്ട്സാപ്പിലൂടെ വിവരം അറിയിച്ച ശേഷമാണ് ദമ്പതികള്‍ ജീവനൊടുക്കിയത്. തനിക്കും ഭാര്യയ്ക്കും കോവിഡ് ലക്ഷണങ്ങളുണ്ട്, ഇതിനാല്‍ മരിക്കാന്‍ തീരുമാനിച്ചെന്നുമായിരുന്നു രമേഷ് സുവര്‍ണയുടെ വാട്ട്സാപ്പ് നമ്പരില്‍ നിന്നും കമ്മീഷണര്‍ക്ക് ലഭിച്ച ശബ്ദസന്ദേശം. സന്ദേശം ലഭിച്ചതിന് പിന്നാലെ ദമ്പതികളെ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് ബൈക്കംപടിയിലെ ചിത്രാപുരം രഹേജ അപ്പാട്ടുമെന്റിലെ ഫ്ലാറ്റില്‍ പോലീസ് എത്തിയത്. വീടിന്റെ വാതില്‍ ബലമായി തുറന്ന് ഉള്ളില്‍ പ്രവേശിച്ചെങ്കിലും ദമ്പതികള്‍ മരിച്ചിരുന്നു.
അന്ത്യകര്‍മ്മങ്ങള്‍ക്കായി സമ്പാദ്യത്തില്‍ നിന്നും ഒരു ലക്ഷം രൂപ ഉപയോഗിക്കണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ രമേഷ് വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ സ്വത്തുക്കള്‍ വിറ്റശേഷം പണം അഗതി മന്ദിരങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും കൈമാറണമെന്നും കത്തില്‍ പറയുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ പരസ്പരം കാണാന്‍ കഴിയാതെ വരുമെന്നും ഇതിനിടെ മരണം സംഭവിച്ചേക്കാമെന്നും ദമ്പതികള്‍ ഭയപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ഗുണ ആദ്യം ജീവനൊടുക്കുമെന്നും പിന്നാലെ താനും ജീവിതം അവസാനിപ്പിക്കുമെന്നുമാണ് രമേഷിന്റെ ശബ്ദസന്ദേശത്തിലുള്ളതെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.
മരണശേഷം നടത്തിയ പരിശോധനയില്‍ ദമ്പതികള്‍ക്ക് കോിഡ് ബാധയില്ലെന്ന് വ്യക്തമായി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മരണം ഉറപ്പിക്കാന്‍ ഉറക്കഗുളിക കഴിച്ച ശേഷമാണ് തൂങ്ങി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗുണയ്ക്ക് പ്രമേഹം ഉള്ളതിനാല്‍ ബ്ലാക് ഫംഗസ് ബാധ ഉണ്ടാകുമോ എന്ന ഭയവും ദമ്പതികള്‍ക്ക് ഉണ്ടായിരുന്നു. ഗുണയുടെ വാട്ട്സാപ്പ് നമ്പരില്‍ നിന്നും ശബ്ദസന്ദേശം ലഭിച്ച് 20 മിനിറ്റ് കഴിഞ്ഞാണ് ദമ്പതികളുടെ ഫ്ലാറ്റില്‍ എത്താന്‍ കഴിഞ്ഞതെന്ന് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു. തിരികെ വിളിച്ചിട്ട് കോള്‍ എടുക്കാതെ വന്നതാണ് പോലീസ് എത്താന്‍ വൈകിയത്. മുറി തുറന്ന് അകത്ത് പ്രവേശിക്കുമ്പോള്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News