Sorry, you need to enable JavaScript to visit this website.

റബർ കയറ്റുമതി നിയന്ത്രണം പ്രതീക്ഷ പകരുന്നു

കൊച്ചി- ഹൈറേഞ്ചിൽ കുരുമുളക് വിളവെടുപ്പ് തെളിഞ്ഞ കാലാവസ്ഥയിൽ പുരോഗമിക്കുന്നു. ടെർമിനൽ മാർക്കറ്റിലേയ്ക്കുള്ള പുതിയ ചുക്ക് വരവ് ഉയർന്നു. റെക്കോർഡ് നിലവാരത്തിൽ നിന്ന് നാളികേരോൽപ്പന്നങ്ങൾക്ക് തളർച്ച. റബർ ഉൽപാദന രാജ്യങ്ങൾ കയറ്റുമതി നിയന്ത്രിച്ചത് പ്രതീക്ഷ പകരുന്നു. സ്വർണ വിലയിൽ ചാഞ്ചാട്ടം. 
തെളിഞ്ഞ കാലാവസ്ഥയിൽ കുരുമുളക് വിളവെടുപ്പ്-സംസ്‌കരണ രംഗങ്ങൾ കൂടുതൽ സജീവമായി. മാസാവസാനത്തോടെ മുഖ്യ വിപണികളിൽ കുരുമുളക് വരവ് ഉയരുമെന്നാണ് വ്യാപാര രംഗത്തുള്ളവരുടെ വിലയിരുത്തൽ. കാർഷിക ചിലവുകൾ കണക്കിലെടുത്ത്  ആദ്യ ചരക്ക് വിറ്റഴിക്കാൻ കാർഷിക മേഖല ഉത്സാഹിക്കും. ഈ അവസരത്തിൽ മധ്യവർത്തികൾ നിരക്ക് ഇടിച്ച് ഉൽപ്പന്നം കൈക്കലാക്കാനുള്ള നീക്കത്തിലാണ്. കേരളത്തിൽ മാത്രമല്ല കർണാടകയിലും കുരുമുളകിന്റെ വിളവെടുപ്പ് തുടങ്ങി. ഇറക്കുമതി ചെയ്ത കുരുമുളക് വിൽപ്പനക്ക് ഇറക്കാൻ വ്യവസായികൾ  രംഗത്തുണ്ട്. വിപണി വിലയെക്കാൾ താഴ്ത്തി ശ്രീലങ്കൻ ചരക്ക് അവർ വിൽപ്പനക്ക് ഒരുക്കി. ഉൽപാദകർ പച്ച കുരുമുളകും വിപണിയിൽ ഇറക്കി. അച്ചാർ നിർമാതാക്കൾ മൂപ്പ് കുറഞ്ഞ ചരക്കിൽ താൽപര്യം കാണിച്ചു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 41,600 രൂപയിൽ നിന്ന് 40,500 ലേക്ക് താഴ്ന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6800-7050 ഡോളർ. 
പകൽ താപനില ഉയർന്നതോടെ റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് കുറഞ്ഞ് തുടങ്ങി. ടയർ നിർമാതാക്കളുടെ ചെറുകിട വ്യവസായികളും റബർ സംഭരണം കുറച്ചത് വിപണിയെ സമ്മർദ്ദത്തിലാക്കി. ടയർ വ്യവസായികൾ നാലാം ഗ്രേഡ് 12,900 ൽ നിന്ന് 12,750 ലേക്ക് താഴ്ത്തി. 
ശബരിമല സീസൺ കഴിഞ്ഞതിനാൽ വിപണിയിലേക്കുള്ള കൊപ്ര വരവ് ശക്തിയാർജിക്കും. കൊപ്രയുടെ ഉയർന്ന വില മുൻ നിർത്തി പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് ഊർജിതമാക്കി. ഉൽപാദന മേഖലകളിലെ സ്ഥിഗതികൾ കണ്ട് മില്ലുകാർ കൊപ്ര സംഭരണം കുറച്ചു. വെളിച്ചെണ്ണ 19,300 ൽ നിന്ന് 19,200 രൂപയായി. കൊപ്ര 13,240 ലാണ്. പ്രദേശിക വിപണികളിൽ എണ്ണ വിൽപ്പന പതിവിലും കുറഞ്ഞു. 
പുതിയ ചുക്ക് ടെർമിനൽ മാർക്കറ്റിൽ കൂടുതലായി വിൽപ്പനക്ക് ഇറങ്ങി. കർണാടകത്തിലെ തോട്ടങ്ങളിൽ നിന്നുള്ള ഇഞ്ചി ഉൽപാദകർ ചുക്കാക്കി മാറ്റുകയാണ്. മീഡിയം ചുക്ക് 12,500 ലും ബെസ്റ്റ് ചുക്ക് 13,500 രൂപയിലുമാണ്. 
ഏലക്ക വിലയിൽ ചാഞ്ചാട്ടം. വാരത്തിന്റെ തുടക്കത്തിൽ കിലോ 1108 രൂപയിൽ ഇടപാടുകൾ നടന്ന മികച്ചയിനം ഏലക്ക പിന്നീട് 1260 രൂപ വരെ ഉയർന്നു. എന്നാൽ വാരാവാസാനം ലേല കേന്ദ്രങ്ങളിൽ വാങ്ങൽ താൽപര്യം ചുരുങ്ങിയതോടെ നിരക്ക് 1122 ലേയ്ക്ക് താഴ്ന്നു. തമിഴ്‌നാട് പൊങ്കൽ ആഘോഷങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ചതിനാൽ ആദ്യ പകുതിയിൽ വാങ്ങൽ താൽപര്യം കുറവായിരുന്നു.  ഉത്തരേന്ത്യൻ ഔഷധ വ്യവസായികളും കയറ്റുമതിക്കാരും ജാതിക്ക, ജാതിപത്രി എന്നിവ ശേഖരിക്കാൻ ഉത്സാഹിച്ചെങ്കിലും വാരാവസാനം വാങ്ങൽ താൽപര്യം കുറഞ്ഞത് വിലയെ ചെറിയ അളവിൽ ബാധിച്ചു.
സ്വർണ വിലയിൽ ചാഞ്ചാട്ടം. ആഭരണ കേന്ദ്രങ്ങളിൽ പവൻ 22,200 രൂപയിൽ നിന്ന് 22,360 വരെ കയറിയ ശേഷം ശനിയാഴ്ച്ച 22,280 ലാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ട്രോയ് ഔൺസ് സ്വർണം 1343 ഡോളറിൽ നിന്ന് 1331 ഡോളറായി.  

 

Latest News