വായ്പാ തട്ടിപ്പ് കേസിലെ പ്രതികളെ കരുവന്നൂർ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി

തൃശൂർ- കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ പ്രതികളെ ബാങ്കില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30 തോടെയാണ് പ്രതികളുമായി ക്രൈബ്രാഞ്ച് സംഘം കരുവന്നൂര്‍ ബാങ്കിലെത്തിയത്. കരുവന്നൂര്‍ ബംഗ്ലാവ് മെയിന്‍ ബ്രാഞ്ചില്‍ തെളിവെടുപ്പ് നടത്തിയ ശേഷം മാപ്രാണം ബ്രാഞ്ചിലും ക്രൈബ്രാഞ്ച് സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തി.ബാങ്ക് മുന്‍ സെക്രട്ടറിയും കേസിലെ ഒന്നാം പ്രതിയായ ടി കെ സുനില്‍കുമാറും അക്കൗണ്ടന്റ് ആയിരുന്ന ജില്‍സുമായാണ് ക്രൈബ്രാഞ്ച് സംഘം തെളിവെടുപ്പിനെത്തിയത്. മാപ്രാണം ബ്രാഞ്ചിലെ ജില്‍സിന്റെ ലോക്കറിലും ക്രൈബ്രാഞ്ച് സംഘം പരിശോധന നടത്തി. അപ്രതീക്ഷിതമായിട്ടായിരുന്നു ക്രൈബ്രാഞ്ച് സംഘത്തിന്റെ തെളിവെടുപ്പ്.കേസില്‍ പിടിയിലായ മറ്റൊരു പ്രതിയായ ബിജു കരീമിനെ തെളിവെടുപ്പിന് എത്തിച്ചിരുന്നില്ല. കരുവന്നൂര്‍ ബാങ്കിലെയും സൂപ്പര്‍മാര്‍ക്കറ്റിലെയും ജീവനക്കാര്‍ തങ്ങളുടെ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികളെ കാണുവാന്‍ തടിച്ച് കൂടിയെങ്കിലും  സഹകരികള്‍ക്കോ നാട്ടുക്കാര്‍ക്കോ തെളിവെടുപ്പ് വിവരം അറിയാതിരുന്നതിനാല്‍ പ്രതിഷേധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

Latest News