സോണിയാ ഗാന്ധി പ്രതിപക്ഷ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നു

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കളുമായി വെള്ളിയാഴ്ച ഓണ്‍ലൈന്‍ ചര്‍ച്ച നടത്തും. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ശിവ സേനാ നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ദ് സോറന്‍,  എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയ നേതാക്കള്‍ വിഡിയോ കോണ്‍ഫറന്‍സിങ് യോഗത്തില്‍ പങ്കെടുക്കും. പാര്‍ലമെന്റില്‍ ബിജെപി സര്‍ക്കാരിനെതിരെ തെളിയിച്ച പ്രതിപക്ഷ ഐക്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ഈ യോഗം.

15ലേറെ പ്രതിപക്ഷ പാര്‍ട്ടികളാണ് പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനത്തിലുടനീളം സര്‍ക്കാരിനെതിരെ ശക്തമായി നിലകൊണ്ടത്. പെഗസസ് ചാരവൃത്തി, കര്‍ഷക സമരം, ഇന്ധന വില വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റിനുള്ളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ സമരം നടത്തിയതിനാല്‍ സമ്മേളനം നേരാംവണ്ണം നടന്നിരുന്നില്ല. പ്രതിപക്ഷത്തിന്റെ ആവശ്യം ചെവികൊള്ളാതെ കടുംപിടിത്തം തുടര്‍ന്ന സര്‍ക്കാര്‍ ഒടുവില്‍ കാലാവധി തീരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സമ്മേളം വെട്ടിച്ചുരുക്കി അവസാനിപ്പിക്കുകയായിരുന്നു.

സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പങ്കെടുക്കുമെന്ന് ശിവ സേനാ നേതാവ് സഞ്ജയ് റവുത്ത് പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനും 2024ലെ പൊതുതെരഞ്ഞെടുപ്പിനും മുന്നോടിയായി നടക്കുന്ന സുപ്രധാന പ്രതിപക്ഷ നീക്കമായാണ് സോണിയ വിളിച്ചു ചേര്‍ത്ത് യോഗം വിലയിരുത്തപ്പെടുന്നത്.
 

Latest News