Sorry, you need to enable JavaScript to visit this website.

അതിജീവിക്കും, കിരീടം തിരിച്ചുപിടിക്കും -ആത്മവിശ്വാസത്തോടെ ഹ്വാവെ ചെയർമാൻ 

അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ കഴുത്തു ഞെരിച്ചുവെങ്കിലും സ്മാർട്ട് ഫോൺ ബിസിനസിൽ കിരീടം  തിരിച്ചുപിടിക്കുമെന്ന് ഹ്വാവെ ടെക്‌നോളജീസ് ചെയർമാൻ ഗുവോ പിംഗ്. 
മൊബൈൽ ഫോൺ രംഗം വിടില്ലെന്നും വ്യവസായത്തിലെ ആധിപത്യം തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്നും ജീവനക്കാരുമായി നടത്തിയ ആശയവിനിമയത്തിൽ ചെയർമാൻ പറഞ്ഞു. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ആരോപിച്ച് 2019 ൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഹ്വാവെയെ കരമ്പട്ടികയിൽ പെടുത്തി ഉപരോധങ്ങൾ ഏർപ്പെടുത്തിയത്. യു.എസിൽ കമ്പനികളുടെ നിർണായക സാങ്കേതിക വിദ്യകൾ ഇതോടെ ഹ്വാവെക്ക് ലഭിക്കാതായി. സ്വന്തം ചിപ്പുകൾ രൂപകൽപന ചെയ്യുന്നതിലും പുറമേനിന്ന് ഘടകങ്ങൾ വാങ്ങുന്നതിലും കമ്പനിക്ക് പ്രതിസന്ധി നേരിട്ടുവെന്ന് മാത്രമല്ല, പൂർണമായും ലഭിക്കാതാകുക തന്നെ ചെയ്തു. 
ഫോൺ ചിപ്പുകൾക്ക് ഏറ്റവും നവീനമായ ടെക്‌നോളജി ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം. ചിപ്പുകൾ ചെറുതും ഏറ്റവും കുറഞ്ഞ തോതിൽ ഊർജം ആവശ്യമായതും ആയിരിക്കണം. ഹ്വാവെക്ക് അത് രൂപകൽപന ചെയ്യാൻ സാധിക്കുമെങ്കിലും ആരും സഹായിക്കാനില്ലാത്തതിനാലാണ് സ്തംഭിച്ചത് -ഗുവോ പിംഗ് പറഞ്ഞു. എന്നാൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. മൊബൈൽ ഫോൺ മേഖലയിൽ ഹ്വാവേ നിലകൊള്ളുക തന്നെ ചെയ്യും. ചിപ്പ് നിർമാണത്തിൽ മുന്നേറ്റമുണ്ടാക്കാനായാൽ പഴയ പ്രതാപം തിരിച്ചെത്തും -അദ്ദേഹം കൂട്ടിച്ചേർത്തു.
കുറഞ്ഞ കാലത്തേക്കെങ്കിലും ഒരിക്കൽ ലോകത്തെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ വിൽപനക്കാരായി മാറിയിരുന്ന ഹ്വാവെ ചൈനയുടെ അഞ്ച് ഫോൺ വിൽപനക്കാരുടെ പട്ടികയിൽനിന്ന് കഴിഞ്ഞ പാദത്തിൽ പുറന്തള്ളപ്പെട്ടു. ഏഴു വർഷത്തിനിടെ ആദ്യമായാണ് കമ്പനിക്ക് ഇതുപോലൊരു തിരിച്ചടിയെന്ന് ഗവേഷണ സ്ഥാപനമായ കനാലിസ് പറയുന്നു. 
ബിസിനസ് നിലനിർത്തുന്നതിന് ഹ്വാവെ അതിന്റെ ബ്രാൻഡായ ഹോണർ കൈമാറിയിരുന്നു.  ഈ വർഷം ആദ്യ പകുതിയിൽ ഹ്വാവെ വരുമാനം 29 ശതമാനമാണ് ഇടിഞ്ഞത്.
 

Latest News