Sorry, you need to enable JavaScript to visit this website.

ഗവേഷണ കുതുകികൾക്ക് മികവ് തെളിയിക്കാൻ അവസരമൊരുക്കി ഐസർ

അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ മികവാർന്ന പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരമടക്കമുള്ള ഏഴ് കേന്ദ്രങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിലെ  (ഐസർ) പ്രവേശനത്തിന് ഈ മാസം 31 വരെ അപേക്ഷിക്കാം. അടിസ്ഥാന ശാസ്ത്ര മേഖലകളിൽ ഗവേഷണ കുതുകികളായ വിദ്യാർഥികൾക്ക് പ്ലസ് ടു പഠനാന്തരം തെരഞ്ഞെടുക്കാവുന്ന ശ്രേഷ്ഠ സ്ഥാപനങ്ങളാണ് ഐസറുകൾ എന്നതിൽ സംശയമില്ല. പഠനം ആരംഭിച്ച്  ദിവസങ്ങൾക്കകം തന്നെ ഗവേഷണ സംബന്ധിയായ പാഠ്യപദ്ധതികളിൽ ഇടപെടാനുള്ള അവസരം ലഭിക്കുന്നുവെന്ന സവിശേഷ സൗകര്യം മറ്റു സ്ഥാപനങ്ങളിൽനിന്ന് ഐസറിനെ വ്യത്യസ്തമാക്കുന്നു. 
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിസമർത്ഥരായ വിദ്യാർഥികളുടെ സാന്നിധ്യം, മികച്ച അധ്യാപകർ, അതിവിപുലമായ കാമ്പസ്, അത്യാധുനിക  ലബോറട്ടറി സൗകര്യം, കിടയറ്റ ഇന്റേൺഷിപ്പ് സാധ്യത തുടങ്ങിയവ ഐസറിനെ മറ്റു സ്ഥാപങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഐസറിൽനിന്ന് മികച്ച രീതിയിൽ പഠനം പൂർത്തിയാക്കിയ പൂർവ വിദ്യാർഥികളിൽ മിക്കവർക്കും എം.ഐ.ടി, പ്രിൻസ്ടൺ, കാൽടെക്, ഓക്‌സ്‌ഫോർഡ്, കാംബ്രിഡ്ജ്, ഇ.ടി.എച്ച് സൂറിച്ച്, എൽ.എം.യു മ്യൂണിച്ച്, മാക്‌സ് പ്ലാങ്ക്, എൻ.യു.എസ് സിങ്കപ്പൂർ  സർവകലാശാലകൾ തുടങ്ങിയ ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധേയമായ സ്ഥാപനങ്ങളിൽ  ഗവേഷണം നടത്താൻ അവസരം ലഭിക്കുന്നുവെന്നത് മറ്റൊരു പ്രത്യേകതയാണ്.
തിരുവനന്തപുരത്തിന് പുറമെ ഭോപാൽ, മൊഹാലി, കൊൽക്കത്ത, പുനെ, തിരുപ്പതി, ബെർഹാംപൂർ എന്നിവിടങ്ങളിലുള്ള ഐസറുകളിൽ  നടത്തപ്പെടുന്ന   സയൻസ്, ബയോളജിക്കൽ സയൻസ്, കെമിക്കൽ സയൻസ്, മാത്തമറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്,  എർത്ത് ആൻഡ് എൻവയോൺമെന്റൽ സയൻസ്, എർത്ത് ആൻഡ് ക്ലൈമറ്റ് സയൻസ്, ജിയോളജിക്കൽ സയൻസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി,  ഡേറ്റ സയൻസ് എന്നീ വിഷയങ്ങളിലെ  അഞ്ച് വർഷത്തെ ബിഎസ്എംഎസ്  പ്രോഗ്രാമുകളിലേക് 2020, 2021 വർഷങ്ങളിൽ 60 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്. എല്ലാ കോഴ്‌സുകളും എല്ലാ കേന്ദ്രങ്ങളിലുമില്ല  എന്നത് പ്രത്യേകം ഓർക്കണം. ഭോപാൽ ഐസറിൽ മാത്രം കെമിക്കൽ എൻജിനീയറിങ്, ഡാറ്റ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ് ആന്റ് കംപ്യൂട്ടർ സയൻസ്, എക്കണോമിക്  സയൻസ് എന്നീ  വിഷയങ്ങളിൽ നാല് വർഷത്തെ ബി.എസ് പ്രോഗ്രാമും ഉണ്ട്. പ്ലസ് ടു കഴിഞ്ഞവർക്കുള്ള കോഴ്‌സുകൾക്ക് പുറമെ പി.ജി, ഇന്റഗ്രേറ്റഡ് പിഎച്ച.്ഡി കോഴ്‌സുകളും ഐസറിലുണ്ട്. 
ഐസർ പ്രവേശനത്തിന് മൂന്ന് ചാനലുകളാണുള്ളത്.

ജെ.ഇ.ഇ അഡ്വാൻസ്ഡ്,    കെവിപിവൈ, സ്‌റ്റേറ്റ് ആൻഡ് സെൻട്രൽ ബോർഡ് (എസ്.സി.ബി).
ഇതിൽ കെവിപിവൈ, എസ്.സി.ബി ചാനലുകളിലൂടെയുള്ള പ്രവേശനത്തിനാണ് ഇപ്പോൾ അപക്ഷിക്കാവുന്നത്. ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്ക് ലിസ്റ്റ് വന്നതിന് ശേഷം 15,000 ത്തിനുള്ളിൽ റാങ്ക് നേടുന്നവർക്ക്  അതു വഴി അപേക്ഷിക്കാം. 
2021-22 അക്കാദമിക് സെഷൻ മുതൽ കെ.വി.പി.വൈ  ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ടായിരുന്നവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്.
ഐസറുകളിലെ സീറ്റുകളിൽ കൂടുതലും  പ്രവേശനം നടത്തുന്നത്  സ്‌റ്റേറ്റ് ആൻഡ് സെൻട്രൽ ബോർഡ് എന്ന മൂന്നാമത്തെ ചാനൽ വഴിയാണ്. ഇതിനായി ഐസർ അഭിരുചി പരീക്ഷ അഭിമുഖീകരിക്കേണ്ടതുണ്ട്. കേരളത്തിലെ 14 ജില്ലകളിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷാ  കേന്ദ്രങ്ങളുള്ള അഭിരുചി പരീക്ഷക്ക്  2020, 21 വർഷങ്ങളിൽ 60 ശതമാനം മാർക്കോടെ സയൻസ് വിഷയങ്ങളിൽ പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്‌സ് എന്നിവ പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം. ഭോപാൽ ഐസറിലെ ബി.എസ് പ്രോഗ്രാമിന് അപേക്ഷ സമർപ്പിക്കുന്നവർ മാത്തമാറ്റിക്‌സ് നിർബന്ധമായും പഠിച്ചിരിക്കണം എന്ന വ്യവസ്ഥയുണ്ട്. 180 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവക്ക് തുല്യ പ്രാധാന്യമുള്ള രീതിയിൽ 60 ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കും ഉണ്ട്. മാതൃകാ ചോദ്യപ്പേറുകൾ വെബ്‌സൈറ്റിലുണ്ട്.
ജെ.ഇ.ഇ അഡ്വാൻസ്ഡ്, എസ്.സി.ബി ചാനലുകൾ വഴി പ്രവേശനം തേടുന്നവർക്ക് ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വ്യവസ്ഥകൾക്ക് വിധേയമായി ഇൻസ്പയർ സ്‌കോളർഷിപ്പ് ലഭിക്കാൻ അർഹതയുണ്ട്. ഐസർ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനും മറ്റു വിശദവിവരങ്ങൾക്കും http://www.iiseradmission.in/ വെബ്‌സൈറ് സന്ദർശിക്കുക.
ശാസ്ത്ര പഠനത്തിനൊരുങ്ങുന്നവർക്ക് പ്രോത്സാഹനമായി കെ.വി.പി.വൈ അടിസ്ഥാന ശാസ്ത്ര ഗവേഷണ വിഷയങ്ങളിൽ പഠനത്തിനും ഗവേഷണത്തിനും താൽപര്യമുള്ളവർക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള ശ്രദ്ധേയമായ ഫെലോഷിപ്പായ കിഷോർ വൈഗ്യാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ ) ക്ക് ഓഗസ്റ്റ് 25 വരെ അപേക്ഷ സമർപ്പിക്കാം.  ബി.എസ്‌സി/ബി.എസ്/ ബി.സ്റ്റാറ്റ്/ബി.മാത്ത്/ ഇന്റഗ്രേറ്റഡ് എം.എസ്‌സി/ ഇന്റഗ്രേറ്റഡ് എം.എസ് എന്നീ കോഴ്‌സുകളിൽ പ്രവേശനം ലഭിച്ചവർക്ക് ബിരുദ, ബിരുദാന്തരബിരുദ പഠനകാലത്ത് ഫെലോഷിപ്പായി പ്രതിമാസം യഥാക്രമം 5000 രൂപയും 7000 രൂപയും പ്രതിവർഷം നാല് മാസത്തെ ഫെലോഷിപ്പ് കണ്ടിൻജൻസി അലവൻസായും ലഭിക്കും.   ഫെലോഷിപ്പുകൾക്ക് പുറമെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്ച് (ഐസർ), ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് (ഐ.എസ്.എസ്.സി ) എന്നിവിടങ്ങളിലെ പ്രവേശനത്തിനും കെ.വി.പി.വൈ യോഗ്യത ഒരു മാനദണ്ഡമാണ്. 2021-22 അധ്യയന വർഷത്തിൽ +1, +2, ഒന്നാം വർഷ ബിരുദം എന്നീ തലങ്ങളിൽ അപേക്ഷിക്കാവുന്ന മൂന്ന് സ്ട്രീമുകളിലായാണ് കെ.വി.പി.വൈ അഭിരുചി പരീക്ഷ നടക്കുന്നത്.

സ്ട്രീം എസ്.എ  
2021-22 വർഷത്തിൽ സയൻസ് വിഷയത്തിൽ  പ്ലസ് വൺ പ്രവേശനത്തിന് അർഹത നേടിയ വിദ്യാർഥികൾക്കാണ് ഈ സ്ട്രീം വഴി പരീക്ഷ എഴുതാൻ അർഹതയുണ്ടാവുക. ഈ സ്ട്രീം അനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് പ്ലസ് ടു പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടുന്ന പക്ഷം 2023-24 അധ്യയന വർഷം മുതൽ മുകളിൽ കൊടുത്ത അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പഠനം ആരംഭിക്കുമ്പോൾ ഫെലോഷിപ്പ് ലഭിച്ചു തുടങ്ങും.

സ്ട്രീം എസ്.എക്‌സ് 
 2021-22 വർഷത്തിൽ സയൻസ് വിഷയങ്ങളിൽ പ്ലസ് ടു പഠനം നടത്തുകയും അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് ഈ സ്ട്രീം വഴി അപേക്ഷ സമർപ്പിക്കാം. ബിരുദ പഠനം ആരംഭിക്കുന്ന 2022-23 വർഷം മുതൽ ഈ ഫെലോഷിപ്പ് ലഭിച്ചു തുടങ്ങും.

സ്ട്രീം എസ്.ബി 
2021-22 അക്കാദമിക വർഷത്തിൽ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിരുദപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്ട്രീം വഴി അപേക്ഷിക്കാം. ഒന്നാം വർഷ ബിരുദ പരീക്ഷക്ക് 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വേണം,
കെ.വി.പി.വൈ ഫെലോഷിപ്പിനായുള്ള കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നവംബർ ഏഴിനു നടക്കും. http://www.kvpy.iisc.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കേരളത്തിൽ 13 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മോക്ക് ടെസ്റ്റിൽ പങ്കെടുക്കാനുള്ള അവസരം വെബ്‌സെറ്റിൽ ലഭ്യമാവും.

കരിയറിൽ കുതിച്ചുയരാൻ ജെ.എൻ.യുവിൽ പഠിക്കാം; അപേക്ഷ  27 വരെ
തുടർപഠനത്തിന്  ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ജവാഹർലാൽ  നെഹ്‌റു സർവകലാശാലയിലെ വിവിധ കോഴ്‌സുകളിലേക്ക് https://jnuexams.nta.ac.in/  എന്ന വെബ്‌സൈറ്റ് വഴി ഈ മാസം  27 വരെ അപേക്ഷിക്കാം. അതിപ്രശസ്തരായ അധ്യാപകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിസമർത്ഥരായ വിദ്യാർത്ഥികളും ജെ.എൻ.യുവിന്റെ സവിശേഷതയാണ്.  അക്കാദമിക, പാഠ്യേതര മേഖലകളിൽ   ലോകോത്തര നിലവാരം പുലർത്തുന്ന ഈ സ്ഥാപനത്തിലെ പൂർവ വിദ്യാർഥികളായ നിരവധി പ്രമുഖരാണ്  ഇന്ന് വ്യത്യസ്ത മേഖലകളിൽ സംഭാവനകൾ അർപ്പിച്ചുകൊണ്ടിരിക്കുന്നത്. ബൗദ്ധികാന്വേഷണവും സാംസ്‌കാരിക വൈവിധ്യവും മൂലം ശ്രദ്ധേയമായ ഈ കാമ്പസിൽ വളരെ തുഛമായ ഫീസ് മുടക്കി പഠിക്കാം എന്ന സവിശേഷത കൂടിയുണ്ട്. 
പേർഷ്യൻ, പഷ്തൂം, അറബിക്, ജപ്പാനീസ്, കൊറിയൻ, ചൈനീസ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, സ്പാനിഷ് എന്നീ ഭാഷാ വിഷയങ്ങളിൽ  ബിഎ ഹോണേഴ്‌സ് പ്രോഗ്രാം, ആയുർവേദ ബയോളജിയിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം എന്നീ കോഴ്‌സുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കൂടാതെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ബിരുദാന്തര ബിരുദം, പിഎച്ച്.ഡി എന്നിവയുമുണ്ട്
പ്രവേശനത്തിനായി മൂന്ന്  മണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയാണുള്ളത്.  ഒബ്ജക്റ്റീവ് ചോദ്യങ്ങൾ അടങ്ങുന്ന പരീക്ഷയിൽ 100 ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഇല്ല. പരീക്ഷയുടെ സിലബസ് വെബ്‌സൈറ്റിലുണ്ട്. പരമാവധി മൂന്ന് വിഷയങ്ങളാണ് മുൻഗണനാ അടിസ്ഥാനത്തിൽ  തെരഞ്ഞെടുക്കാനാവുക. സെപ്റ്റംബർ 20, 21, 22, 23 തീയതികളിലാണ് പരീക്ഷ നടക്കുന്നത്. ഒരേ ദിവസത്തിൽ പ്രവേശന പരീക്ഷ വരാത്ത വിധത്തിലായിരിക്കണം വിഷയങ്ങൾ തെരഞ്ഞെടുക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവ അടക്കം രാജ്യത്താകമാനം 116 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

ഓഡിയോളജി ആന്റ് സ്പീച്ച് 

? ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി കോഴ്‌സിന്റെ അഡ്മിഷൻ രീതി, ജോലി സാധ്യത എന്നിവ വിശദീകരിക്കാമോ  
ഗ്രീഷ്മ, വടകര 

ബി.എ.എസ്.എൽ.പി എന്ന പേരിൽ അറിയപ്പെടുന്ന ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി കോഴ്‌സിന് കേരളത്തിൽ പാരാമെഡിക്കൽ  കോഴ്‌സുകളുടെ കൂട്ടത്തിൽ പ്രവേശനം തേടാവുന്നതാണ്. +2 രണ്ടാം വർഷ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ആണ് അഡ്മിഷൻ നടപടിക്രമങ്ങൾ നടത്തുന്നത്. തിരുവനന്തപുരത്തുള്ള നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് അടക്കമുള്ള സ്ഥാപനങ്ങളിലാണ് ഈ കോഴ്‌സ് പഠിപ്പിക്കപ്പെടുന്നത്. മൈസൂരിലെ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, മുംബൈയിലുള്ള അലിയവർ ജംഗ് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ഡിസബിലിറ്റീസ് തുടങ്ങിയ ശ്രേഷ്ഠ സ്ഥാപനങ്ങളിൽ  നടത്തപ്പെടുന്ന ഈ കോഴ്‌സിന്റെ പ്രവേശനം എൻട്രൻസ് അടിസ്ഥാനത്തിലാണ്. 
സംസാര, ശ്രവണ ശേഷികളിൽ അപാകമുള്ളവരെ ആശയ വിനിമയത്തിന് സജ്ജരാക്കുന്ന മേഖലയിലാണ് ഈ കോഴ്‌സ്  കഴിഞ്ഞവർക്ക് സാധ്യതയുള്ളത്. സർക്കാർ, സ്വകാര്യ മേഖലകളിലെ ആശുപത്രികൾ, സ്പീച് ആൻഡ് ഹിയറിങ് ഇൻസറ്റിറ്റിയൂട്ടുകൾ, കേൾവിശക്തി ഉപകരണ നിർമാണ വ്യവസായ മേഖല, സെറിബൽ പാൾസി ബാധിച്ച കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ, സ്‌പെഷ്യൽ സ്‌കൂളുകൾ, കുട്ടികൾക്കായുള്ള ഗൈഡൻസ് സെന്റർ, ട്രെയിനിങ് സൂപ്പർവൈസർ, റിസർച്ച് അസിസ്റ്റന്റ് എന്നീ മേഖലകളിൽ ജോലി ലഭിക്കാനുള്ള സാഹചര്യമുണ്ട്.  സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നതും ആലോചിക്കാവുന്നതാണ്. ഉയർന്നു പഠിക്കാൻ ആഗ്രഹമുള്ളവർക്ക് എം.എ.എസ്.എൽ.പി കോഴ്‌സ് ചെയ്യാം. ഉപരിപഠനത്തിനും പരിശീലനത്തിനും വിദേശ രാജ്യങ്ങളിലും സാധ്യതകൾ ഉണ്ട്.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കരിയർ സംബന്ധമായ സംശയങ്ങൾ [email protected]  എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. പ്രസക്തമായ സംശയങ്ങൾക്ക് കരിയർ വിദഗ്ധൻ  പി.ടി. ഫിറോസ് ഈ പംക്തിയിലൂടെ മറുപടി നൽകുന്നതാണ്.

Latest News