Sorry, you need to enable JavaScript to visit this website.

ഗവേഷകരെ തടയാൻ ആപ്പിൾ വീണ്ടും കോടതിയിൽ 

സുരക്ഷാ സ്റ്റാർട്ടപ്പായ കൊറെല്ലിയത്തോട് കോടതിയിൽ പരാജയപ്പെട്ട ആപ്പിൾ ഇടവേളക്കു ശേഷം പകർപ്പവകാശ കേസിൽ അപ്പീൽ നൽകി. ആപ്പിൾ അടുത്തിടെ പ്രഖ്യാപിച്ച കുട്ടികളുടെ സെക്‌സ് ഫോട്ടോകൾ കണ്ടെത്തുന്നതടക്കമുള്ള പ്രോഗ്രാമുകൾ പരിശോധിക്കാൻ ഗവേഷകരെ സഹായിക്കുന്ന സ്ഥാപനമാണ് കൊറെല്ലിയം. പകർപ്പവകാശ ലംഘനം ആരോപിച്ച് ആപ്പിൾ നേരത്തെ നൽകിയ കേസ് ഫെഡറൽ ജഡ്ജി തള്ളിയിരുന്നു. ശക്തമായ നിയന്ത്രണങ്ങൾ മറികടന്ന് ആപ്പിൾ ഫോണുകളും മറ്റും പരിശോധിക്കാൻ കൊറെല്ലിയം സൈബർ വിദഗ്ധരെ സഹായിക്കുന്നുണ്ട്. ഈ കമ്പനിയുടെ പ്രധാന ഉപഭോക്താക്കൾ സൈബർ സുരക്ഷാ ഗവേഷകരാണ്. ഇവർ കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകൾ ആപ്പിളിന് റിപ്പോർട്ട് ചെയ്ത് പാരിതോഷികം നേടാറുണ്ട്. എഫ്.ബി.ഐ അടക്കമുള്ള അന്വേഷണ ഏജൻസികൾ ഫോണുകളും മറ്റുപകരണങ്ങളും തുറക്കുന്നതിനും കൊറെല്ലിയത്തിന്റെ സഹായം തേടുന്നു. കാലിഫോർണിയയിലെ സാൻ ബെർണർഡിനോയിൽ നിരവധി പേരെ കൊലപ്പെടുത്തിയ കൂട്ടക്കൊലയാളിയുടെ ഫോൺ ലോക്ക് മറികടന്ന് പരിശോധിക്കാൻ എഫ്.ബി.ഐക്ക് സാധിച്ചിരുന്നു. പുറമേനിന്നുള്ളവർക്ക് പരിശോധിക്കാൻ സാധിക്കാത്ത രീതിയിലാണ് ആപ്പിൾ സോഫ്റ്റ് വെയറുകൾ നിർമിക്കുന്നത്. 
ഡിജിറ്റൽ മിലെനിയം കോപ്പിറൈറ്റ് ആക്ടുമായി ബന്ധപ്പട്ടെ മറ്റു അവകാശങ്ങളിൽ കൊറെല്ലിയം കമ്പനിയുമായി ഒത്തുതീർപ്പിലെത്തിയ ആപ്പിൾ അപ്പീലുമായി രംഗത്തു വന്നത് അപ്രതീക്ഷിതമായാണ്. ഗവേഷകർക്ക് ഉപകരണങ്ങൾ നൽകുന്ന പ്രമുഖ സ്ഥാപനത്തിനെതിരെ ആപ്പിൾ വീണ്ടും പോരാട്ടത്തിനിറങ്ങുന്നത് അത്ഭുതപ്പെടുത്തിയെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു. 
ഗവേഷണം തന്നെ നിയമ വിരുദ്ധമാണെന്ന് സ്ഥാപിക്കാനാണ് ആപ്പിൾ ശ്രമിക്കുന്നതെന്നും ഗവേഷക സമൂഹത്തിനു മുന്നിൽ കമ്പനിക്ക് ഇനിയും അഭിനയം തുടരാനാവില്ലെന്നും കൊറെല്ലിയം ചീഫ് എക്‌സിക്യൂട്ടീവ് അമൻഡ ഗോർടോൺ പറഞ്ഞു. 
ഐക്ലൗഡ് ഓൺലൈൻ സ്‌റ്റോറേജിലേക്ക് ഫോണുകളിൽനിന്നും കംപ്യൂട്ടറുകളിൽനിന്നും അപ്‌ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഫോട്ടോകൾ സോഫ്റ്റ്‌വെയർ സ്വമേധയാ സ്‌കാൻ ചെയ്യുന്ന പദ്ധതി ആപ്പിൾ പുതുതായി  പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളെ ചൂഷണം ചെയ്യുന്ന ഫോട്ടോകളുമായാണ് താരതമ്യം ചെയ്യുക. നിയമ വിരുദ്ധമാണെന്ന് ആപ്പിൾ ജീവനക്കാർ തീരുമാനിക്കുന്ന ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാൻ ശ്രമിച്ച അക്കൗണ്ടുകൾ കാൻസൽ ചെയ്യുന്നതിനു പുറമെ, പോലീസിനെ അറിയിക്കുമെന്നും ആപ്പിൾ പറയുന്നു. 
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് അവകാശപ്പെട്ട് വിപണി പിടിക്കുന്ന ആപ്പിളിന്റെ പുതിയ നീക്കത്തെ ഡിജിറ്റൽ അവകാശ ഗ്രൂപ്പുകൾ എതിർക്കുന്നുണ്ട്. ഓൺലൈനിൽ അപ്‌ലോഡ് ചെയ്താലോ ഷെയർ ചെയ്താലോ മാത്രമേ മറ്റു കമ്പനികൾക്ക് ഉള്ളടക്കം സ്‌കാൻ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതാണ് അപ്‌ലോഡ് ചെയ്യുന്നതിനു മുമ്പ് തന്നെ ആപ്പിൾ ചെയ്യുമെന്ന് പറയുന്നത്. നിരോധിത രാഷ്ട്രീയ ഉള്ളടക്കവും സ്‌കാൻ ചെയ്യാൻ സർക്കാരുകൾക്ക് ഇതോടെ ആപ്പിളിനോട് ആവശ്യപ്പെടാൻ സാധിക്കുമെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ഏതെങ്കിലും ഉപയോക്താവിനെ തെരഞ്ഞെടുത്ത് അയാൾ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കം കണ്ടെത്തി വെളിപ്പെടുത്താൻ ആപ്പിളിനെ നിർബന്ധിക്കുകയും ചെയ്യാം. 
നിരോധിത ഫോട്ടോകളുടെ പട്ടിക ഗവേഷകർക്ക് പരിശോധിക്കാമെന്നാണ് പുതിയ പദ്ധതിയെ ന്യായീകരിച്ചുകൊണ്ട് ആപ്പിൾ എക്‌സിക്യൂട്ടീവുകൾ വ്യക്തമാക്കുന്നത്.
 

Latest News