തിരുവനന്തപുരം- നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വരുന്നത് തടയാൻ മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വന്നപ്പോഴും മാധ്യമങ്ങൾ മാറുന്നില്ല. മാധ്യമങ്ങൾ നിഷ്പക്ഷരല്ല. എല്ലാവർക്കും അവരവരുടെ താൽപര്യങ്ങളുണ്ട്. എൽഡിഎഫിന്റെ ഭരണത്തുടർച്ച തടയാൻ വലതുപക്ഷ മാധ്യമങ്ങൾ പ്രവർത്തിച്ചു. വ്യാജകഥകൾ ചമച്ചു. എന്നിട്ടും എല്‍ഡിഎഫ് ഭരണത്തിൽ എങ്ങനെ എത്തിയെന്ന് മാധ്യമങ്ങൾ പഠിക്കാൻ തയ്യാറാകണം. മാധ്യമങ്ങൾ വിശ്വാസ്യത തിരിച്ചുപിടിക്കാൻ അന്ധമായ ഇടതുപക്ഷ വിമർശനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മീഡിയ അക്കാദമിയുടെ ഓഡിയോ മാഗസിൻ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിനെതിരെ ജാതിമത ശക്തികളുടെ ഏകോപനത്തിനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. ഭരണ നേട്ടങ്ങളെ ഇകഴ്ത്തുകയും സർക്കാരിനെതിരെ കള്ളക്കഥകൾ പടച്ചുവിട്ടുവെന്നും കോടിയേരി കുറ്റപ്പെടുത്തി. സ്വാതന്ത്ര്യ ദിനം സിപിഎം ആഘോഷിച്ചത് മാധ്യമങ്ങൾ മറ്റു തരത്തിലാണ് ചിത്രീകരിച്ചത്. സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് മറച്ചുവക്കാൻ ശ്രമം നടന്നുവെന്നും കോടിയേരി പറഞ്ഞു.
നയതന്ത്ര സ്വർണക്കടത്ത് അലക്കി വെളുപ്പിക്കാൻ ശ്രമിച്ചപ്പോള്‍ കീറി പോയ പഴന്തുണിയായെന്ന് കോടിയേരി പറഞ്ഞു.






